മുംബൈയിലെ പട്ടേല്‍ ദമ്പതികള്‍..തമിഴ്നാട്ടിലെ ഹോമിയോ ഡോക്ടര്‍..രാഷ്ട്രപതി സ്ഥാനാര്‍ഥി പട്ടിക നീളുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതി ഒരു ചെറിയ സ്ഥാനമല്ല. ജനസംഖ്യ 130 കോടിയിലേറെ വരുന്ന നാടിന്റെ നായക സ്ഥാനമാണ്. ഈ സ്വപ്നം സ്വന്തമാക്കാന്‍ ജനാധിപത്യ ഇന്ത്യയില്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടു താനും...രാഷ്ട്രപതി സ്വപ്നവുമായി മുംബൈയില്‍ നിന്നുള്ള ദമ്പതികളടക്കം ആറു പേരാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.
മുംബൈയില്‍ നിന്നുള്ള സൈറാബാനു പട്ടേല്‍- മുഹമ്മദ് പട്ടേല്‍ അബ്ദുല്‍ ഹാമിദ് ദമ്പതികള്‍ക്ക് ഇരട്ട മോഹമാണ്. ഒരാള്‍ക്ക് രാഷ്ട്രപതിയുമാവാം മറ്റെയാള്‍ക്ക് ഉപരാഷട്രപതിയും. രണ്ട് സ്ഥാനത്തേക്കും ഇവരില്‍ ആരെ തെരഞ്ഞെടുത്താലും ഇവര്‍ക്ക് പ്രശ്നവുമല്ല. ദമ്പതികള്‍ക്കിടയില്‍ 'ഈഗോ' ഇല്ലെന്നര്‍ഥം.
ഏറ്റവും കൂടുതല്‍ പരാജയങ്ങളേറ്റുവാങ്ങിയ സ്ഥാനാര്‍ഥിയെന്ന പദവി സ്വന്തമാക്കാനാണ് തമിഴ്നാട്ടിലെ സേലത്തു നിന്നുള്ള ഹോമിയോ ഡോക്ടറും ബിസിനസുകാരനുമായ ഡോ.കെ പത്മരാജന് മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ 29 വര്‍ഷമായി തെരഞ്ഞെടുപ്പ് മത്സര രംഗത്തുണ്ട് പത്മരാജന്. 170 തെരഞ്ഞെടുപ്പുകളില്‍ ഇയാള്‍ പരാജയത്തിന്റെ 'മധുരം' നുണഞ്ഞു.
മധ്യപ്രദേശില്‍ നിന്നുള്ള ആനന്ദ് സിങ് കുശ്വ, തെലുങ്കാനയിലെ ബാല രാജ, പൂനെയില്‍ നിന്നുള്ള വിജയ് പ്രകാശ് എന്നിവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 15000 രൂപയാണ് ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കേണ്ട തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."