പത്താം നിലയില്‍ നിന്ന് അമ്മ താഴേക്കിട്ടു..ജീവന്റെ പച്ചപ്പിലേക്ക് കുഞ്ഞ് പുഞ്ചിരിച്ചു
ജീവനു വേണ്ടിയുള്ള പരക്കം പാച്ചിലായിരുന്നു അവിടെ. 24 നില കെട്ടിടത്തെ മുഴുവനായും വിഴുങ്ങാനെന്നോണം രാക്ഷസരൂപം പൂണ്ട അഗ്നി ജ്വാലകള്‍ക്കിടയില്‍ ജീവന്റെ പച്ചപ്പിലേക്കുള്ള വഴി തിരയുകയായിരുന്നു എല്ലാവരും. അഞ്ഞൂറിലേറെയായിരുന്നു ആളുകള്‍. ബാക്കിയാവുമെന്നൊരു നേരിയ പ്രതീക്ഷ പോലും ഇല്ലാതിരുന്നിട്ടും രക്ഷക്കായി അവരോരുത്തരും ഒരു ജാലകപ്പഴുതെങ്കിലും തെരയുകയായിരുന്നു ഓരോരുത്തരും.
ആ തെരച്ചിലിലാണ് അവള്‍ പ്രതീക്ഷയുടെ ഒരു നൂലിഴ കണ്ടത്. ആര്‍ത്തു വരുന്ന അഗ്നിത്തിരകള്‍ക്ക് തന്റെ പൊന്നോമനയെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു അവള്‍. ഇരുണ്ട പുകമറക്കിടയിലൂടെ കയ്യില്‍ കിട്ടിയ ഒരു കമ്പിളിപ്പുതപ്പില്‍ ഓമനെ പൊതിഞ്ഞ്..ആ നെറുകയിലൊരു മുത്തവും നല്‍കി അവള്‍ കുഞ്ഞിനെ താഴേക്കിട്ടു. അതും പത്താം നിലയില്‍ നിന്ന്. ഇരുണ്ടു കൂടിയ പുകമറക്കിടയിലൂടെ മിന്നായം പോലെ താഴെ നില്‍ക്കുന്നവരാരോ അതു കണ്ടു. കൂട്ടത്തില്‍ ഓടി...കൈകള്‍ നീട്ടി. ആ കൈകളിലേക്ക് സുരക്ഷിതമായി ആ കുഞ്ഞുവാവ വീണു. പിന്നെ കുഞ്ഞു മുഷ്ടികള്‍ ചുരുട്ടി അയാളെ നോക്കി പുഞ്ചിരിച്ചു...നന്ദി..ഈ ജീവന്‍ കാത്തുവെച്ചതിന്....അമ്മയും പിന്നീട് രക്ഷപ്പെട്ടു.
ആറുമക്കളുമായാണ് മറ്റൊരു മാതാവ് ഓടിയത്. ആറു പേരേയും അവര്‍ ചേര്‍ത്തു വെച്ചിരുന്നു. എന്നാല്‍ താഴെ എത്തിയപ്പൊഴാണ് കണ്ടത്. ആറില്‍ നാലു പേര്‍ മാത്രമാണ് തന്നോടൊപ്പം ബാക്കി.രണ്ടാള്‍ ജീവിത യാത്രയില്‍ തന്നില്‍ നിന്നു വഴി പിരിഞ്ഞിരിക്കുന്നു. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊനാവാതെയുള്ള അവരുടെ കരച്ചില്‍ ഹൃദയഭേദകമാണെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട മിഖായേല്‍ പരമശിവന്‍ പറയുന്നു. ഏഴാം നിലയിലെ താമസക്കരനായിരുന്നു ഇയാള്‍. രക്ഷപ്പെടുന്നതിനിടെ തന്റെ കൈകളില്‍ പിടിച്ച ഒരു കുഞ്ഞു പെണ്‍കുട്ടിയും ഇയാളോടൊപ്പമുണ്ട്.
ഹൃദയം തകര്‍ക്കുന്നതാണ് സംഭവസ്ഥലത്തെ ദൃശ്യങ്ങളെന്ന് തൊട്ടടുത്ത ഫഌറ്റിലെ താമസക്കാരി സാമിറ ലംറാനി പറയുന്നു. ഇവരെയെങ്കിലും രക്ഷിക്കൂ എന്നു പറഞ്ഞ് അമ്മമാര്‍ കുഞ്ഞുങ്ങളെ ജനാലകള്‍ വഴി പുറത്തേക്കെറിയുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ ലണ്ടനില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. 74 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. ആകെ 120 ഫഌറ്റുകളാണ് ഗ്രെന്‍ഫല്‍ ടവറിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."