ഉപതെരഞ്ഞെടുപ്പ്: അഞ്ചില്‍ നാലും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ്
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതോടെ കേരളം മറ്റൊരു രാഷ്ട്രീയപോരാട്ടത്തിനാണ് സാക്ഷിയാകാന്‍ പോകുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നാലെണ്ണം യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ്. ഒന്ന് മാത്രമാണ് എല്‍.ഡി.എഫിന്റെ കൈയിലുള്ളത്. ഒരു സീറ്റെങ്കിലും അധികമായി നേടാനായാല്‍ അത് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പ്രചരിപ്പിക്കാമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്.
വട്ടിയൂര്‍ക്കാവില്‍ മുന്‍ മന്ത്രിയും കെ.ടി.ഡി.സി ചെയര്‍മാനുമായ എം.വിജയകുമാര്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ് സുനില്‍കുമാര്‍, മേയര്‍ വി.കെ പ്രശാന്ത്, മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടി എന്നിവരെയാണ് എല്‍.ഡി.എഫ് പരിഗണിക്കുന്നത്.
മോദി സര്‍ക്കാരിനെതിരേ പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിന്റെ പേര് സി.പി.എം സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചെങ്കിലും സ്വീകാര്യമായിട്ടില്ല. ജാതി സമവാക്യവും മറ്റും പരിഗണിച്ച് കെ.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതിലേക്കാണ് എല്‍.ഡി.എഫ് പോകുന്നത്. യു.ഡി.എഫില്‍ മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മനുഷ്യാവകാശ കമ്മിഷന്‍ അംഗവും മുന്‍ എം.എല്‍.എയുമായ കെ.മോഹന്‍കുമാര്‍, എ.ഐ.സി.സി സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പി.സി വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.
അരൂര്‍ നിലവില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.എം ആരിഫിനെ പിന്നിലാക്കി അരൂരില്‍ ഭൂരിപക്ഷം നേടിയ ഷാനിമോള്‍ ഉസ്മാനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുക.
മുന്‍ എം.എല്‍.എ എ.എ ഷുക്കൂര്‍, എം.ലിജു, എസ്.രാജേഷ് എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. ഇവിടെ ഇടതിന് അഭിമാന പോരാട്ടമാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി. പുളിക്കല്‍, പി.പി ചിത്തരഞ്ജന്‍, കെ.എച്ച് ബാബുരാജന്‍ എന്നിവരുടെ പേരുകള്‍ സി.പി.എം ചര്‍ച്ച ചെയ്യുന്നുണ്ട്.
എറണാകുളത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനോട് തോറ്റ എം.അനില്‍കുമാര്‍, സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് എല്‍.ഡി.എഫിന്റെ പരിഗണനയിലുള്ളത്. മുന്‍ എം.പി. കെ.വി തോമസ്, മുന്‍ മേയര്‍ ടോണി ചെമ്മണി, ടി.ജെ വിനോദ് എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്യുന്നു. ബി.ജെ.പിയുടെ വെല്ലുവിളിയുള്ള കോന്നിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും കരുതലോടെയാണ് നീങ്ങുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറി ഉദയഭാനു, എം.എസ് രാജേന്ദ്രന്‍. കെ.യു ജനീഷ് കുമാര്‍ എന്നിവരെ ഇടതുമുന്നണി പരിഗണിക്കുമ്പോള്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ഡി.സി.സി മുന്‍ പ്രസിഡന്റ് പി.മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് എന്നിവരെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. കെ.സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയുമാണ് ബി.ജെ.പി കോന്നിയില്‍ പരിഗണിക്കുന്നത്.
മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു, കെ.ആര്‍ ജയാനന്ദന്‍ എന്നിവരാണ് എല്‍.ഡി.എഫിന്റെ പരിഗണനയിലുള്ളത്. ബി.ജെ.പി രവീശ തന്ത്രി കുണ്ടാര്‍, പി.കെ കൃഷ്ണദാസ്, അടുത്തിടെ പാര്‍ട്ടിയിലെത്തിയ എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."