പ്രായം തോല്‍ക്കുന്ന പ്രതിഭ
യു.കെ അജ്മല്‍#
''മാഡം നിങ്ങള്‍ക്കീ സമയത്ത് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ? പേരക്കുട്ടികളോടൊത്ത് വീട്ടില്‍ കളിച്ചിരുന്നാല്‍ പോരെ?''
ഡെയ്‌സി വിക്ടറെന്ന 87കാരി ഈ ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ജീവിതത്തിന്റെ സായാഹ്നവേളയില്‍ പ്രായത്തെ തോല്‍പ്പിച്ചു പങ്കെടുക്കുന്ന കായികമേളകളില്‍നിന്നുമൊക്കെ സമസ്ത അംഗീകാരങ്ങളും കൈപിടിയിലാക്കുന്ന ഈ തമിഴ്‌നാട്ടുകാരി പലരുടെയും പ്രചോദനമാണിന്ന്.
20 അന്താരാഷ്ട്ര മേളകള്‍, 36 ദേശീയ മീറ്റുകള്‍, 59 ജില്ലാ മേളകള്‍... ഇതില്‍നിന്നൊക്കെയായി മുതിര്‍ന്നവര്‍ക്കുവേണ്ടി നടത്തപ്പെടുന്ന കായികയിനങ്ങളിലായി അഞ്ഞൂറോളം മെഡലുകള്‍. അതില്‍ തന്നെ 345ഓളം സ്വര്‍ണ മെഡലുകള്‍. ഇതൊക്കെയാണ് ചുരുങ്ങിയ വാക്കുകളില്‍ ഡെയ്‌സി വിക്ടര്‍.
വാര്‍ധക്യത്തിന്റെ അവശതകളെ കഠിനധ്വാനത്തിന്റെ കരളുറപ്പുകൊണ്ട് നേരിടുന്ന ഈ സ്ത്രീയുടെ ജീവിതം ഏതു യുവ കായികതാരത്തെയും വിസ്മയിപ്പിക്കുന്നതാണ്. അനുകൂല സാഹചര്യങ്ങളുടെ പിന്‍ബലത്തെക്കാള്‍ ഇവരെ ഈ നിലയിലേക്ക് എത്തിച്ചത് അവരിന്നും കെടാതെ സൂക്ഷിച്ചുപോരുന്ന കായികക്ഷമത തന്നെയാണ്. ചെന്നൈയിലെ പ്രഭാതങ്ങളില്‍ സവാരിക്കിറങ്ങുന്നവര്‍ ചിലപ്പോള്‍ ഈ സ്ത്രീയെ പലവുരു കണ്ടിട്ടുണ്ടാകണം. എല്ലാ ദിവസവും മുടങ്ങാതെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഓട്ടവും ഡിസ്‌കസ് ത്രോയുമൊക്കെയായി കളം വാഴുന്ന അവര്‍ പരിശീലനം കഴിഞ്ഞു മടങ്ങുന്നത് പത്തുമണിയോടെയാണ്. അവസാനമായി ഡെയ്‌സിയുടെ പേര് പത്രങ്ങളില്‍ നിറഞ്ഞത് ഈ വര്‍ഷം സ്‌പെയിനിലെ മലാഗയില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ട് ഇനത്തില്‍ കിട്ടിയ വെങ്കലത്തിന്റെ തിളക്കത്തിലായിരുന്നു.
അച്ഛന്‍ പകര്‍ന്ന വീര്യം
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ നസാറത്ത് ഗ്രാമത്തില്‍ ജനിച്ച ഡെയ്‌സിയുടെ കുടുംബം പിതാവ് തപാലുദ്യോഗസ്ഥനായതിനെ തുടര്‍ന്ന് ബെല്ലാരിയിലേക്കു താമസം മാറ്റി. ദേശീയ ഫുട്‌ബോള്‍ താരമായ പിതാവ് തന്നെയായിരുന്നു ഡെയ്‌സിയിലെ കായികത്വര ആദ്യമറിഞ്ഞത്. അച്ഛന്‍ തന്നെ മകളുടെ ആഗ്രഹങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കിപ്പോന്നു. എട്ടാം വയസില്‍ തുടങ്ങിയ ഓട്ടം ഇന്ന് എണ്‍പത്തിഴേയിലെത്തി നില്‍ക്കുമ്പോഴും നിലക്കാത്ത വൈദ്യുതിപ്രവാഹം പോല്‍ കൂടെയുണ്ട്, ആ ഊര്‍ജം. ഇത്രയും കാലം ആ ജ്വാല അണയാതെ നിലനിര്‍ത്തുന്നതില്‍ ഭര്‍ത്താവ് വിക്ടര്‍ സുന്ദരാജനുമുണ്ട് വലിയൊരു പങ്ക്.
നിലക്കാത്ത പ്രയത്‌നങ്ങള്‍ തന്നെയായിരുന്നു ചെറുപ്പംമുതല്‍ക്കേ ഡെയ്‌സിയുടെ വിജയത്തിന്റെ രസതന്ത്രം. അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ വാരിക്കൂട്ടി. അധികം വൈകാതെ കായികമികവിലൂടെ തന്നെ 1951ല്‍ മദ്രാസ് ടെലിഫോണില്‍ ജോലിയും ലഭിച്ചു. ഡെയ്‌സിയിലെ കായികാഭിരുചി കണ്ടറിഞ്ഞ് കമ്പനി തന്നെ അവര്‍ക്കു പരിശീലനത്തിനായി ദിവസവും രണ്ടു മണിക്കൂര്‍ ജോലിയില്‍നിന്ന് ഇളവും നല്‍കി.
വര്‍ഷങ്ങളായി ഡെയ്‌സി പ്രവര്‍ത്തിച്ചുവരുന്നതും സഹകരിച്ചുപോരുന്നതും തമിഴ്‌നാട്ടിലെ ഹുദ എന്ന, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിതര സംഘടനയ്ക്കും സ്പാര്‍ക് ഇന്‍സ്റ്റിറ്റിയൂഷനും കീഴിലുമാണ്. പതിയെ ഡെയ്‌സി വിക്ടറെന്ന കായികതാരത്തിലൂടെ ആ സ്ഥാപനത്തിന്റെ പ്രതാപവും പ്രൗഢിയും ഏറിവന്നു. പങ്കെടുക്കുന്ന കായികമേളകളിലൊക്കെ വിസ്മയനേട്ടം കൈവരിക്കുന്ന ഈ കായിക താരത്തെ തേടി പല സ്‌പോണ്‍സര്‍മാരും വന്നു. പക്ഷേ, തന്റെ അഭിരുചിയെ കമ്പോളത്തിനു തീറെഴുതിക്കൊടുക്കാന്‍ അവര്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. പതിയെ സ്പാര്‍ക്കിന്റെ നിത്യഹരിത മുഖമുദ്രയായി അവര്‍ അറിയപ്പെട്ടു. 1956ല്‍ വിക്ടര്‍ സുന്ദരാജനെന്ന തമിഴ്‌നാട് സ്വദേശിയെ കല്യാണം കഴിച്ചു. ആ ദാമ്പത്യത്തില്‍ അഞ്ചു കുട്ടികള്‍ക്കു ജന്മം നല്‍കുകയും ചെയ്തു. പക്ഷേ, ഇതൊന്നും അവരുടെ കായികക്കുതിപ്പിനു തടസമായില്ല. പ്രസവം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പുതന്നെ പരിശീലനത്തിനായി വീടുവിട്ടിറങ്ങിയതൊക്കെ അവര്‍ ഇപ്പോഴും അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്.
വറ്റാത്ത ഊര്‍ജം
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും പറക്കും സിങ് എന്ന വിശേഷനാമത്തിനുടമയുമായ മില്‍ഖാ സിങ് 1980ല്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന കായികതാരങ്ങളെ അണിനിരത്തി ഒരു സംഘടനയ്ക്കു രൂപംനല്‍കിയിരുന്നു. അന്ന് അദ്ദേഹം പകര്‍ന്നുകൊടുത്ത വാക്കുകള്‍ ഡെയ്‌സിയിലെ കനലുകളെ ആളിക്കത്തിച്ചു. തുടര്‍ന്ന് മില്‍ഖാ സിങ്ങിന്റെ നിര്‍ദേശപ്രകാരം ഡെയ്‌സി ന്യൂസിലന്‍ഡില്‍ നടന്ന കായിക മേളയില്‍ പങ്കെടുത്തു. ഏഴാം സ്ഥാനവുമായി കായിക ലോകത്ത് വിജയഭേരി മുഴക്കിത്തുടങ്ങുകയായിരുന്നു അന്നുമുതല്‍ ഡെയ്‌സി.
ശേഷം വിക്ടര്‍ വില്‍സണെന്ന താരത്തിനുകീഴില്‍ പരിശീലിച്ച് തന്റെ സ്വപ്നങ്ങള്‍ക്കു നിറം നല്‍കി. ഇടയ്ക്കു ഭര്‍ത്താവ് മരണപ്പെട്ടതൊഴികെ വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ തേടിവരാതിരുന്നതും അനുകൂലമായി. ദിവസവും പുലര്‍ച്ചെ എണീറ്റു ഭക്ഷണങ്ങള്‍ പാക് ചെയ്തു പരിശീലനത്തിനു പോകുന്ന ഡെയ്‌സി വിക്ടര്‍ എല്ലാം കഴിഞ്ഞ് തിരിച്ചുവരുന്നത് പതിനൊന്നു മണിക്കുശേഷമാണ്.
വ്യത്യസ്തമായ കായികയിനങ്ങളില്‍ സ്വതസിദ്ധമായ വൈഭവത്തിലൂടെ മികവ് പുലര്‍ത്തുന്ന ഇവര്‍ക്ക് ഏറെ ഇഷ്ടം ചാട്ടത്തോടാണ്. പക്ഷേ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് അവരത് അവസാനിപ്പിച്ചു. ഇപ്പോള്‍ മുഴുശ്രദ്ധ നല്‍കുന്ന ഇനങ്ങളാണ് ഡിസ്‌കസ് ത്രോയും ഷോട്ട്പുട്ടും ഓട്ടവുമൊക്കെ. ഈ വര്‍ഷം നടന്ന മാസ്റ്റേഴ്‌സ് മീറ്റില്‍ വെങ്കലം നേടിയതിനു പിന്നാലെ സെപ്റ്റംബര്‍ മുപ്പതിനു നടന്ന ജില്ലാതല കായികമേളകളില്‍ മൂന്ന് സ്വര്‍ണവും നേടിയെടുത്തിട്ടുണ്ട്. പഴകുംതോറും വീര്യം കൂടുന്ന ഇനത്തിലേ നമുക്ക് ഡേയ്‌സി വിക്ടറെന്ന കായിക പ്രതിഭയെ ഉള്‍പ്പെടുത്താന്‍ പറ്റൂ.
ആരോഗ്യരഹസ്യം
പലര്‍ക്കും ചോദിക്കാനുള്ളത് അവരുടെ ആരോഗ്യ സുസ്ഥിതിയുടെ രഹസ്യത്തെക്കുറിച്ചു മാത്രമാണ്. വാര്‍ധക്യത്തിന്റെ നാളുകളിലും ഇത്രമേല്‍ ദൃഢഗാത്രയായി ചാടിക്കളിക്കാനാവുന്നതിന്റെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മുടങ്ങാതെയുള്ള വ്യായാമത്തെക്കാള്‍ വിശേഷമായി മറ്റൊന്നും അവരുടെ ആരോഗ്യത്തിനു പിന്നിലില്ലെന്നതാണു സത്യം. ഇത്രയും കാലം ഒരുവിധത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ലെന്നാണ് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
ആറു മക്കളും പതിനഞ്ചോളം പേരമക്കളുമടങ്ങുന്ന കുടുംബം ഡെയ്‌സിക്കെന്നും പ്രോത്സാഹനം മാത്രമേ നല്‍കിയിട്ടുള്ളൂ. കൂടെ പേരമക്കളെയും ഡെയ്‌സി തന്റെ മാര്‍ഗത്തിലേക്കു പരിശീലിപ്പിച്ചു കൊണ്ടുവരുന്നുണ്ട്. കൂടാതെ ഉപദേശ നിര്‍ദേശങ്ങള്‍ തേടി വലിയൊരു സന്ദര്‍ശകനിര തന്നെ ഡെയ്‌സിയുടെ വീട്ടില്‍ ദിനേന മുടങ്ങാതെ എത്തുന്നുണ്ട്.
ഡെയ്‌സിയുടെ കായികസഞ്ചാരത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ സര്‍ക്കാരില്‍നിന്ന് ഒരു രീതിയിലുമുള്ള സാമ്പത്തിക സഹായവും സ്വീകരിച്ചിട്ടില്ല. അതിനായി കൈനീട്ടിയിട്ടുമില്ല. ഇതുവരെ അവരുടെ സര്‍വചെലവുകളും ആരോഗ്യ ശുശ്രൂഷയുമടക്കം വര്‍ഷങ്ങളായി സൗജന്യമായി നടത്തുന്ന സ്പാര്‍ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ കണ്ണന്‍ പുകഴന്തിയും അവരുടെ സ്ഥാപനവുമാണ്. 1981ല്‍ മില്‍കാ സിങ്ങിപ്പം മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ ഉരുക്കുവനിതയുമായ ഇന്ദിരാ ഗാന്ധിയാല്‍ ആദരിക്കപ്പെട്ട സമയം അവര്‍ക്ക് ഒരു കാലത്തും മറക്കാനാവാത്ത നിമിഷമാണ്.
വാര്‍ധക്യത്തിന്റെ അവശതകള്‍ തളര്‍ത്താന്‍ നോക്കുമ്പോഴെല്ലാം നിശ്ചയദാര്‍ഢ്യത്തിന്റെ കര്‍മകുശലത കൊണ്ട് പുതുചരിതം തീര്‍ക്കുന്ന ഈ വനിത നേട്ടങ്ങളുടെ പിന്നാലെ തന്നെയാണ് ഈ എട്ടു പതിറ്റാണ്ടു പിന്നിട്ട വേളയിലും. അവസാനമായി കാണുമ്പോള്‍ അവര്‍ തന്റെ തന്നെ റെക്കോര്‍ഡ് ഭേഭിക്കാനുള്ള ഒരുക്കങ്ങളിലും കഠിനപ്രയത്‌നത്തിലുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."