ആസിയ ബിബിയുടെ അഭിഭാഷകന്‍ പാകിസ്താന്‍ വിട്ടു
ഇസ്‌ലാമാബാദ്: മതനിന്ദാ കേസില്‍ പാകിസ്താനില്‍ വധശിക്ഷയില്‍നിന്ന് ഒഴിവായ ആസിയ ബിബിയുടെ അഭിഭാഷകന്‍ രാജ്യംവിട്ടു. ഇവരുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരേ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അഭിഭാഷകന്‍ സെയ്ഫ് മുലൂക് രാജ്യംവിട്ടത്. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് യൂറോപ്പിലേക്കു പോയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വധശിക്ഷ റദ്ദാക്കിയ കോടതി വിധിക്കെതിരേ പാകിസ്താനില്‍ വന്‍ പ്രതിഷേധമാണുയരുന്നത്. ഇതു തണുപ്പിക്കാനായി ആസിയ ബിബിയെ രാജ്യംവിടാന്‍ അനുവദിക്കില്ലെന്നു പ്രതിഷേധക്കാര്‍ക്കു സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതു നിഷേധിച്ച് പാകിസ്താന്‍ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തി. എന്നാല്‍, സര്‍ക്കാര്‍ അത്തരമൊരു കരാറിലെത്തിയിട്ടുണ്ടെങ്കില്‍ അതു വേദനാജനകമാണെന്നായിരുന്നു ആസിയ ബിബിയുടെ അഭിഭാഷകന്‍ സെയ്ഫ് മുലൂകിന്റെ പ്രതികരണം. രാജ്യത്തെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
ബിബിയെ മറ്റേതെങ്കിലും രാജ്യത്തേക്കു പോകാന്‍ അനുവദിക്കണമെന്നും അവരുടെ ജീവനു ഭീഷണിയുണ്ടെന്നും അദ്ദേഹം പറയുന്നു. സുരക്ഷ വാഗ്ദാനം ചെയ്ത് ചില രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുമുണ്ട്.
കേസില്‍ തുടര്‍ന്നും താന്‍ ഇടപെടുമെന്നും അതിനായി രാജ്യത്തു തിരിച്ചെത്തുമെന്നും സെയ്ഫ് മുലൂക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അതിനു തനിക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനില്‍ മതനിന്ദയ്ക്കാണ് ക്രിസ്ത്യന്‍ വനിതയായ ആസിയ ബിബിക്ക് വധശിക്ഷ വിധിച്ചിരുന്നത്. വധശിക്ഷ ശരിവച്ച ലാഹോര്‍ ഹൈക്കോടതിയുടെ വിധി കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."