പ്രതിമാനാടകം: പുറത്ത് സര്‍ദാറും അകത്ത് നവാബും
സി.കെ ഫൈസല്‍ പുത്തനഴി#
പുരാതന ഭാരതീയ നാടകാചാര്യന്മാരില്‍ പ്രഥമഗണനീയനായ ഭാസന്റെ പ്രശസ്തമായ നാടകമാണ് 'പ്രതിമാനാടകം.' രാമായണകഥയില്‍ എപ്പോഴും പ്രതിനായികസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്ന കൈകേയിയെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നുവെന്നതാണ് ഈ നാടകത്തിന്റെ സവിശേഷത. ദശരഥരാജാവിന്റെ മരണശേഷം ഭരതനെ രാജാവായി വാഴിക്കാന്‍ മാതാവായ കൈകേയി വിളിച്ചു വരുത്തുന്നുണ്ട്. ദശരഥന്റെ മരണവാര്‍ത്ത ഭരതനെ അറിയിക്കാന്‍ കൈകേയി ചെയ്യുന്നത്, നാടുനീങ്ങിയ മുന്‍ രാജാക്കന്മാരുടെ പ്രതിമകള്‍ സ്ഥാപിച്ച പ്രതിമാഗൃഹത്തിലേക്ക് ഭരതനെ ക്ഷണിക്കുകയെന്നതാണ്. നാടുനീങ്ങിയ ചക്രവര്‍ത്തിയുടെ കൂട്ടത്തില്‍ ദശരഥന്റെ പ്രതിമയും പ്രതിഷ്ഠിക്കുന്നു.
ഇതേ രീതിയില്‍ അമരനായ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ദേശീയ ഐക്യം, നിസ്വജനതയോടുള്ള തന്മയീഭാവം തുടങ്ങിയ ആശയങ്ങളും നാടുനീങ്ങിയിരിക്കുന്നു എന്ന സന്ദേശം നല്‍കാനാണോ മൂവായിരം കോടി രൂപ ചെലവിട്ട് 'ഐക്യ പ്രതിമ' എന്ന പേരിട്ടു പ്രതിമാനാടകം കളിക്കുന്നത്
സ്വാതന്ത്ര്യത്തിനു ശേഷം 552 നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിച്ചു എന്നതായിരുന്നു 'ഇന്ത്യന്‍ ബിസ്മാര്‍ക്ക്' എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ രാജ്യത്തിനു നല്‍കിയ ഏറ്റവും ഉദാത്തമായ സേവനം. അങ്ങനെ ധൂര്‍ത്തന്മാരായ മഹാരാജാക്കന്മാരുടെയും നവാബുമാരുടെയും നുകത്തില്‍ നിന്ന് ഹതാശരായ ജനകോടികള്‍ക്ക് മോചനം ലഭിച്ചു. അങ്ങനെ പട്ടേലിന്റെ ഉരുക്കുമുഷ്ടിക്കു മുന്നില്‍ കീഴടങ്ങിയ ഒരു ധൂര്‍ത്തനായിരുന്നു ജുനഗറിലെ നവാബ് മുഹമ്മദ് മഹാബത് ഖാന്‍ജി. തന്റെ പ്രജകളെ ദാരിദ്ര്യത്തിനു വിട്ടുകൊടുത്ത് രാജ്യസമ്പത്തു മുഴുവന്‍ തന്റെ വളര്‍ത്തുപട്ടികളുടെ ആഡംബരത്തിനു വേണ്ടി ചെലവഴിച്ചു ഈ ഭ്രാന്തന്‍ നവാബ്. തന്റെ പ്രിയപ്പെട്ട പട്ടിയായ രോഷനാരയുടെ വിവാഹത്തിനു വേണ്ടി മൂന്നു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയാണ് ഇയാള്‍ ധൂര്‍ത്തടിച്ചത്. മംഗ്രോള്‍ നാട്ടുരാജ്യത്തിലെ നവാബിന്റെ നായയായ ബോബിയായിരുന്നു വരന്‍. വൈസ്രോയി ഇര്‍വിന്‍ പ്രഭുവിനെ വരെ വിവാഹാഘോഷത്തിനു ക്ഷണിച്ചു. മൂന്നു ദിവസം നീണ്ട വിവാഹമഹാമഹത്തില്‍ വെള്ളിപ്പല്ലക്കില്‍ സ്വര്‍ണരത്‌നാഭരണങ്ങള്‍ ധരിച്ചാണ് രോഷനാര എഴുന്നള്ളിയത്. വരനെ പൂര്‍ണസൈനിക ബഹുമതികളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.
300 പട്ടികളെ പട്ടുവസ്ത്രങ്ങളണിയിച്ചു വിവാഹമേളയില്‍ എഴുന്നള്ളിച്ചു. 800 പട്ടികള്‍ ഉണ്ടായിരുന്ന നവാബ് ഓരോ പട്ടിക്കും പ്രത്യേകം മുറികളും ടെലിഫോണും ഭൃത്യനേയും അനുവദിച്ചിരുന്നു. പട്ടികള്‍ മരിക്കുമ്പോള്‍ ആഡംബരപൂര്‍ണമായ ശവസംസ്‌കാര ചടങ്ങുകളും ദേശീയദുഃഖാചരണവും നടത്തി. പട്യാലയിലെ മഹാരാജ ഭൂപീന്ദര്‍ സിങിനെ പോലുള്ള പല രാജാക്കന്മാരും പിന്നീട് ജുനഗര്‍ നവാബിനെ അനുകരിച്ച് ആഡംബര പട്ടിക്കല്യാണങ്ങള്‍ നടത്തി.
ഈ ധൂര്‍ത്തന്മാരില്‍നിന്ന് ഇന്ത്യന്‍ ജനതയെ മോചിപ്പിച്ചുവെന്നതാണ് സര്‍ദാര്‍ പട്ടേലിന്റെ മഹത്വം. 1918ല്‍ ഗാന്ധിജി നയിച്ച ഖേദ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് വല്ലഭ് ഭായ് പട്ടേലായിരുന്നു. നിസ്വന്മാരായ കര്‍ഷകര്‍ക്കു വേണ്ടിയുള്ളതായിരുന്നു ആ സമരം.
1928ലെ ബാര്‍ദോളി സത്യഗ്രഹത്തിന്റെ നേതാവും വല്ലഭ് ഭായ് പട്ടേല്‍ തന്നെ ആയിരുന്നു. വെള്ളപ്പൊക്കം കൊണ്ടും വരള്‍ച്ച കൊണ്ടും പൊറുതിമുട്ടിയ കര്‍ഷകജനതയുടെ മേല്‍ താങ്ങാനാവാത്ത നികുതി ഭാരം അടിച്ചേല്‍പ്പിച്ച ബ്രിട്ടിഷ് ഭരണകൂടത്തിനെതിരെയുള്ള അഹിംസാത്മക സമരമായിരുന്നു ബാര്‍ദോളി സത്യഗ്രഹം. ഈ സമരത്തോടെയാണ് വല്ലഭ് ഭായ് പട്ടേല്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ ശ്രദ്ധേയനായത്.
ബാര്‍ദോളിയിലെ ദരിദ്രരായ കര്‍ഷകസ്ത്രീകളാണ് വല്ലഭ് ഭായ് പട്ടേലിനു 'സര്‍ദാര്‍' എന്ന ബഹുമതി നാമം സമ്മാനിച്ചത്. ബാര്‍ദോളിയിലെ ദരിദ്രകര്‍ഷകരുടെ അവസ്ഥയില്‍ തന്നെയാണ് ഇന്നും ഇന്ത്യന്‍ കര്‍ഷകജനത.
കര്‍ഷക ആത്മഹത്യ ഇന്ത്യയില്‍ നിത്യസംഭവമാണ് ഇന്നും. ഈ നിസ്വജനതയുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗപ്പെടുത്തേണ്ട മൂവായിരം കോടി രൂപയാണ് ഉപയോഗശൂന്യമായ ഒരു പ്രതിമക്കു വേണ്ടി ചെലവിട്ടത്.
ഈ ഭരണകൂടം പ്രയോഗതലത്തില്‍ പിന്‍പറ്റുന്നത് നിസ്വകര്‍ഷകജനതയ്ക്കു വേണ്ടി സമരം ചെയ്ത സര്‍ദാര്‍ പട്ടേലിനെയാണോ, അതോ തന്റെ പ്രജകള്‍ക്ക് അവകാശപ്പെട്ട മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവിട്ടു ശ്വാനവിവാഹം നടത്തിയ, സര്‍ദാര്‍ പട്ടേല്‍ നിഷ്‌കാസനം ചെയ്ത, ജുനഗറിലെ ഭ്രാന്തന്‍ നവാബിനെയാണോ
ഇപ്പോള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയാണെങ്കിലും അതിനുള്ളില്‍ ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്നത് നവാബ് മഹാബത് ഖാന്‍ജിയുടെ ദുരാത്മാവിനെയാണ്. സര്‍ദാര്‍ പട്ടേല്‍ ഉച്ഛാടനം ചെയ്ത അതേ ധൂര്‍ത്തമൂര്‍ത്തിയെ.
'സ്റ്റാച്യു ഓഫ് യൂനിറ്റി'ക്കു വേണ്ടി ചെലവഴിച്ച 2,989 കോടി രൂപകൊണ്ട് പുതുതായി രണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളും അഞ്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളും ആറ് ഐ.എസ്.ആര്‍.ഒ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളും നടത്താമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
40,192 ഹെക്ടര്‍ ഭൂമിക്കു വേണ്ട ജലസേചനം നടത്താമായിരുന്നു. 162 മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പാക്കാമായിരുന്നു. പ്രതിമ സ്ഥാപിച്ച സ്ഥലത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ച കര്‍ഷകരും ഗോത്രജനതയും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. 72 ഗ്രാമങ്ങളിലെ 75,000 വരുന്ന ഗോത്രജനതയുടെ ജീവിതം പ്രതിമാനിര്‍മാണം കാരണം താറുമാറായി.
പ്രതിമയുടെ സമീപത്തുള്ള ചോട്ടാഉദയ്പൂര്‍, പഞ്ച് മഹല്‍, വഡോദര, നര്‍മദാ ജില്ലകളിലെ 1500 കര്‍ഷകര്‍, അവര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍ദാര്‍ ഷുഗര്‍ മില്ലിനു വിറ്റ കരിമ്പിന്റെ വിലയായ 12 കോടി രൂപ കിട്ടാതെ നട്ടം തിരിയുകയാണ്.
സര്‍ദാര്‍ പട്ടേലിന്റെ നാമം പേറുന്ന ഷുഗര്‍ മില്ലിന് അതിന്റെ കടക്കാരായ പാവം കര്‍ഷകര്‍ക്കു കൊടുക്കാനുള്ള തുക കൊടുക്കാന്‍ പോലും കഴിയാത്ത അവസരത്തിലാണ് 2,989 കോടി രൂപ ചെലവിട്ട് പ്രതിമ നിര്‍മിക്കുന്നത്. ഇതിനെ വിമര്‍ശിക്കുന്നവരെ എളുപ്പത്തില്‍ ദേശവിരുദ്ധരായി മുദ്രകുത്താം എന്നത് ഒഴിച്ചാല്‍ വേറൊരു ഉപകാരവും ഈ പ്രതിമ കൊണ്ടില്ല .
യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രസിദ്ധീകരിക്കുന്ന മള്‍ട്ടിഡിമെന്‍ഷനല്‍ പോവെര്‍ട്ടി ഇന്‍ഡക്‌സ് അനുസരിച്ച് 53ാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയാറാക്കുന്നത്.
ഈ സൂചിക പ്രകാരം ലോകത്ത് ഏറ്റവും കൂടതല്‍ വിവിധവ്യാപ്തി (മള്‍ട്ടിഡിമെന്‍ഷനല്‍) ദരിദ്രര്‍ ഉള്ള രാജ്യമാണ് ഇന്ത്യ. മൊത്തം ജനസംഖ്യയുടെ 28 ശതമാനം പേരും ഈ സൂചിക അനുസരിച്ച് ഇന്ത്യയില്‍ ദരിദ്രരാണ്. ഈ ദാരിദ്ര്യത്തിന്റെ ഏറ്റവും ദാരുണമായ ഇരകള്‍ കുട്ടികളാണ്. ഇത്രയും പരിതാപകരമായ രാജ്യത്താണ് ഈ അക്ഷന്തവ്യമായ ധൂര്‍ത്ത് നടത്തുന്നത്.
തന്റെ പ്രജകളുടെ ദാരിദ്ര്യത്തില്‍ തപിക്കുന്ന ഹൃദയമുള്ള ഒരു രാജകുമാരന്റെ പ്രതിമയെ അവതരിപ്പിക്കുന്നുണ്ട് ഓസ്‌കര്‍ വൈല്‍ഡ് തന്റെ'ഹാപ്പി പ്രിന്‍സ്' എന്ന ചെറുകഥയില്‍. ഒരിക്കല്‍ സുഖത്തില്‍ ആറാടിയ രാജകുമാരന്‍ മരിച്ചപ്പോള്‍ അവന്റെ സ്മരണയ്ക്കായി സ്വര്‍ണരത്‌നാംഗിതമായ ഒരു പ്രതിമ നിര്‍മിച്ച് നഗരത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു പ്രതിഷ്ഠിച്ചു. ആ പ്രതിമയെ ജനം 'ഹാപ്പി പ്രിന്‍സ്' എന്ന് വിളിച്ചു . അതുവരെ കൊട്ടാരത്തിലെ ആഡംബരം മാത്രം കണ്ട ഹാപ്പി പ്രിന്‍സ്, അപ്പോഴാണ് തന്റെ ജനതയുടെ ദാരിദ്ര്യവും യാതനയും കാണുന്നത്.
ഹാപ്പി പ്രിന്‍സ് കണ്ണീരൊഴുക്കി ഇതെല്ലാം കണ്ടു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു മീവല്‍ പക്ഷി കൂട്ടം തെറ്റി ഹാപ്പി പ്രിന്‍സിന്റെ ചാരത്തണയുന്നത്. മീവല്‍ പക്ഷിയോട് തന്നെ പൊതിഞ്ഞിരിക്കുന്ന സ്വര്‍ണവും രത്‌നവുമെല്ലാം കൊത്തിപ്പറിച്ചു ദരിദ്രരായ പ്രജകള്‍ക്കു കൊടുക്കാന്‍ ഹാപ്പി പ്രിന്‍സ് കല്‍പ്പിച്ചു. അവസാനം മീവല്‍ പക്ഷി തണുപ്പ് സഹിച്ചു മരിക്കുന്നു. സ്വര്‍ണവും രത്‌നവും എല്ലാം പറിച്ചെടുത്ത ഹാപ്പി പ്രിന്‍സ് വികൃതമായി മാറുകയും ചെയ്യുന്നു. കഥാന്ത്യത്തില്‍, ഹാപ്പി പ്രിന്‍സിന്റെ കനിവുള്ള ഹൃദയവും മീവല്‍ പക്ഷിയുടെ ത്യാഗവുമാണ് ലോകത്ത് ഏറ്റവും വിലയേറിയ വസ്തുക്കള്‍ എന്ന് ദൈവം മാലാഖമാരോട് പറയുന്നു.
ബാര്‍ദോളിയിലേയും ഖേദയിലേയും ദരിദ്ര കൃഷീവലന്മാര്‍ക്കു വേണ്ടി സമരം ചെയ്ത് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ, തന്റെ ചുറ്റും നരകയാതന അനുഭവിക്കുന്ന കര്‍ഷകരേയും ആദിവാസികളേയും കണ്ട് ഹാപ്പി പ്രിന്‍സിനെ പോലെ കണ്ണീരൊഴുക്കിയേക്കാം. എന്നാല്‍ പ്രതിമ നിര്‍മിച്ച പുത്തന്‍ നവാബുമാരുടെ ഹൃദയം തപിക്കുകയേയില്ല. കാരണം അവര്‍ക്ക് തപിക്കാന്‍ ഒരു ഹൃദയമില്ലല്ലോ.
അമേരിക്കയിലെ 'സ്വാതന്ത്ര്യത്തിന്റെ പ്രതിമ'യെ നോക്കി ഒരു ഹിപ്പി കവി വിളിച്ചു പറഞ്ഞു: ''അമേരിക്കാ, നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമാണ്. '' 'സ്റ്റാച്യു ഓഫ് യൂനിറ്റി'യെ നോക്കി, പ്രക്ഷുബ്ദമായ സാമൂഹ്യാന്തരീക്ഷം നിലനില്‍ക്കുന്ന, ജാതിയുടേയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തെരുവില്‍ ആള്‍കൂട്ട കൊലപാതകത്തിന് ഇരയാകുന്ന വര്‍ത്തമാനകാലം, '' ഭാരതമേ, നിന്റെ ഐക്യം ഒരു പ്രതിമ മാത്രമാണ് '' എന്നു പറയാതിരിക്കട്ടെ!
ഇന്ത്യയുടെ ഐക്യം ജീവനില്ലാത്ത ഒരു പ്രതിമയല്ല, മറിച്ച് ജീവസ്സുറ്റ ഒരു യാഥാര്‍ഥ്യമാണ് ആവേണ്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."