HOME
DETAILS

ഖഷോഗി കൊലപാതകവും തുര്‍ക്കി സഊദി ബന്ധവും

  
backup
November 03 2018 | 19:11 PM

e-c-swalih-wafi-omasseri-todays-article

ഇ.സി സ്വാലിഹ് വാഫി ഓമശ്ശേരി#
+90 551 195 9289

 

ദശാബ്ദങ്ങളായി സഊദി അറേബ്യക്കും തുര്‍ക്കിക്കും പരസ്പരം ഇഷ്ടമല്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ഇബ്‌നു സല്‍മാന്‍ ഇറാന്‍, ഇസ്‌ലാമിക തീവ്രവാദികള്‍ എന്നിവരോടൊപ്പം തുര്‍ക്കിയെയും ഉള്‍പ്പെടുത്തി പറഞ്ഞ 'തിന്മയുടെ ത്രികോണ'മെന്ന പരാമര്‍ശം ഇരു രാജ്യങ്ങള്‍ക്കിടയിലും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.
പരമ്പരാഗത ഇസ്‌ലാമിക പഠനകേന്ദ്രങ്ങളെ അറബ്‌നാട്ടില്‍ നിന്നു തുര്‍ക്കിയിലേക്കു പറിച്ചു നടാനുള്ള ശ്രമവും മധ്യപൂര്‍വദേശത്തെ മുസ്‌ലിംലോകത്തെ നേതാക്കളില്‍ പ്രമുഖനെന്ന ഉര്‍ദുഗാന്റെ രംഗപ്രവേശനവും ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധമകറ്റുന്നതിലെ പ്രധാന കാരണമാണ്. എല്ലാറ്റിനുമപ്പുറം തങ്ങളാണ് യഥാര്‍ഥ മുസ്‌ലിം പാരമ്പര്യമുള്ളവര്‍ എന്ന അഹംഭാവം വൈരം കൂടുതല്‍ കടുപ്പിച്ചു. തുര്‍ക്കിയുടെ വികസനവും സൈനികസ്വാധീനവും സഊദി അറേബ്യയില്‍ ഭയം ജനിപ്പിക്കുന്നുണ്ട്. അറബികളെ വളഞ്ഞുള്ള തുര്‍ക്കി സൈനികകേന്ദ്രങ്ങള്‍ നവ ഒട്ടോമന്‍ ശ്രമമാണെന്ന് അവര്‍ കരുതുന്നു.
ലോകത്തെ ഞെട്ടിച്ച ജമാല്‍ ഖഷോഗിയുടെ കൊലപാതകം വീണ്ടും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. ഒക്ടോബര്‍ രണ്ടിനാണ് സഊദി പൗരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി വിവാഹമോചന സര്‍ട്ടിഫിക്കറ്റിനായി ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റിലേയ്ക്കു പോയത്. മണിക്കൂറുകളോളം പുറത്തു കാത്തുനിന്നിട്ടും കാണാഞ്ഞ് ഖഷോഗിയുടെ പ്രതിശ്രുത വധു ഹാതിജെ ചെങ്കീസ് തുര്‍ക്കി അധികൃതരെ വിവരമറിയിക്കുകയായിരുന്നു
അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവിടുന്നത്. വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയക്കൊലപാതകമാണിതെന്നു തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആരോപിച്ചു. എന്നിട്ടും മൂന്നാഴ്ചയിലധികം കൊലപാതക ആരോപണം സഊദി നിഷേധിക്കുകയായിരുന്നു. തങ്ങള്‍ക്കൊന്നും മറക്കാനില്ലെന്നു സഊദി കിരീടാവകാശി മുഹമ്മദ്ബ്‌നു സല്‍മാന്‍ പറഞ്ഞെങ്കിലും തുര്‍ക്കി നിരത്തിയ തെളിവുകള്‍ക്കു മുന്നില്‍ കുറ്റസമ്മതം നടത്തേണ്ടിവന്നു.
ലോകരാജ്യങ്ങളുടെ സമ്മര്‍ദമൊഴിവാക്കാന്‍ കൊലപാതകത്തില്‍ പങ്കാളികളായ പതിനെട്ടുപേരെയും മൂന്നുദ്യോഗസ്ഥരെയും സഊദി അറസ്റ്റ് ചെയ്തിരുന്നു. ഖഷോഗിയുടെ കുടുംബത്തെ കൊട്ടാരത്തില്‍ ക്ഷണിച്ചുവരുത്തി അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. റിയാദില്‍ നടന്ന ബിസിനസ് ഫോറത്തില്‍ മുഹമ്മദ് ബ്‌നു സല്‍മാന്‍ ഖത്തറിനെയും തുര്‍ക്കിയെയും സുഖിപ്പിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തു. പക്ഷേ, അതിലൊന്നും കാര്യങ്ങള്‍ ഒതുങ്ങില്ലെന്ന നിലപാടിലാണു തുര്‍ക്കി.
സഊദി ഭരണകൂടത്തെ വിമര്‍ശിച്ച പല പ്രമുഖരെയും മുമ്പും കാണാതായിട്ടുണ്ട്. നസീര്‍ അല്‍ സഈദും സുല്‍ത്താന്‍ ബിന്‍ തുര്‍ക്കി രാജകുമാരനുമൊക്കെ ഉദാഹരണം. രാഷ്ട്രീയക്കൊലയുടെ കാര്യത്തില്‍ ഉത്തര കൊറിയയ്ക്കും മറ്റും ഒപ്പമെത്താന്‍ സഊദി മത്സരിക്കുകയാണ്.
ഏകാധിപത്യപ്രവണതയുള്ളയാളാണു സല്‍മാന്‍ രാജാവെന്നു ഖഷോഗി തുറന്നെഴുതിയിരുന്നു. യമനിലെ ആഭ്യന്തര കലാപം, കാനഡയുമായുള്ള നയതന്ത്രബന്ധം, ഖത്തര്‍ പ്രതിസന്ധി, സ്ത്രീവിമോചനം, മാധ്യമങ്ങളെയും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളെയും അടിച്ചമര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഖഷോഗി ശക്തമായി സഊദി ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു. വാഷിങ്ടണ്‍ പോസ്റ്റിലെ അവസാന ലേഖനത്തിലും അദ്ദേഹം ആവര്‍ത്തിച്ചത് 'അറബ് ലോകത്തിന് അത്യാവശ്യം അഭിപ്രായസ്വാതന്ത്ര്യമാണെ'ന്നായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടു തവണ ജോലിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കപ്പെട്ടിട്ടുണ്ട്.
അറബ് മാധ്യമപ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു ഖഷോഗി. മദീനയിലാണു ജനം. 1983ല്‍ അമേരിക്കയിലെ ഇന്‍ഡ്യാന സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു പത്രപ്രവര്‍ത്തന ബിരുദം നേടി. 'സഊദി ഗസറ്റ്' റിപ്പോര്‍ട്ടറായി തുടങ്ങി. 1990കളില്‍ അഫ്ഗാനിസ്താന്‍, അള്‍ജീരിയ, സുഡാന്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിദേശകാര്യലേഖകനായിരുന്നു. അക്കാലത്ത് അഫ്ഗാനിസ്താനില്‍ റഷ്യക്കെതിരേ പോരാടിയിരുന്ന ഒസാമ ബിന്‍ ലാദനുമായി നല്ല ബന്ധത്തിലായി. ലാദനുമായി നിരവധി തവണ അഭിമുഖം നടത്തി. 1999 മുതല്‍ 2003 വരെ അറബ് ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. 2003ല്‍ 'അല്‍ വത്തന്‍' എഡിറ്റര്‍ ഇന്‍ ചീഫായി.
അല്‍ വത്തനില്‍ നിന്നു പുറത്തായപ്പോള്‍ സഊദി ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ മുന്‍ തലവനായ സഊദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ ഫൈസലിന്റെ മാധ്യമഉപദേഷ്ടാവായി. 2005 മുതല്‍ 2006 വരെ ഫൈസല്‍ രാജാവ് വാഷിങ്ടണിലെ സഊദി അംബാസഡറായ സമയത്തും ഖഷോഗി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010ല്‍ ബഹ്‌റൈനിലെ മനാമയിലെ അല്‍ അറബ് ന്യൂസ് ചാനലിന്റെ ജനറല്‍ മാനേജരായെങ്കിലും മണിക്കൂറുകള്‍ക്കകം ചാനല്‍ അടച്ചുപൂട്ടപ്പെട്ടു.
അന്നുമുതല്‍, ഖഷോഗി രാഷ്ട്രീയവ്യാഖ്യാതാവായിരുന്നു. പല അറബ്, അന്താരാഷ്ട്ര വാര്‍ത്താചാനലുകളിലും പ്രത്യക്ഷപ്പെട്ടു, നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും എഴുതി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിമര്‍ശകരെ അടിച്ചമര്‍ത്താന്‍ തുടങ്ങിയപ്പോള്‍ സഊദി വിട്ട് അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. എന്നിട്ടും അദ്ദേഹം വേട്ടയാടപ്പെട്ടു.
സഊദി കുറ്റമേറ്റു പറഞ്ഞെങ്കിലും അവരുടെ വിശദീകരണത്തില്‍ പല രാജ്യങ്ങളും തൃപ്തരല്ല. അതിനാല്‍ സഊദിക്കു പല രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം പ്രതിസന്ധിയിലാണ്. സഊദിക്കെതിരേ അമേരിക്ക രംഗത്തുണ്ടെങ്കിലും വലിയ തോതിലുള്ള ആയുധക്കച്ചവടത്തെ സഊദിയെ പിണക്കിയാല്‍ തിരിച്ചടിയാകുമെന്നു കണ്ട്, ട്രംപ് സമന്വയ സമീപനമാണു കൈക്കൊണ്ടത്. ഇന്ധനക്കച്ചവടത്തില്‍ അമേരിക്ക ഇപ്പോള്‍ കാര്യമായി ആശ്രയിക്കുന്നതു സഊദിയെയാണ്. അതുകൊണ്ട്, സഊദിയെ വെറുപ്പിക്കാത്ത നയമേ ട്രംപ് സ്വീകരിക്കൂ. ട്രംപിന്റെ നിലപാടില്‍ സത്യസന്ധതയില്ലെന്നാരോപിച്ചു ഖഷോഗിയുടെ പ്രതിശ്രുത വധു ഹാത്തിജെ ചെങ്കീസ് വൈറ്റ് ഹൗസിലേയ്ക്കുള്ള ക്ഷണം നിരസിച്ചിരുന്നു.
ഖഷോഗി സംഭവത്തില്‍ സഊദി കിരീടാവകാശിയുടെ പ്രതിച്ഛായ തകരുകയും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ പ്രഭാവം വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. അമേരിക്കയുടെയും യൂറോപ്പിന്റെയും മുന്നില്‍ മുഖം മിനുക്കാന്‍ ഉര്‍ദുഗാന് ഇതു സഹായകമായി. ഇടക്കാലത്ത് അമേരിക്കയ്ക്കു മുന്നില്‍ അടിയറവു പറഞ്ഞ് അവര്‍ പ്രതിച്ഛായ നഷ്ടപ്പെടുത്തിയിരുന്നു.
തീവ്രവാദ ബന്ധമാരോപിച്ചു രണ്ടു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ സഭാപാലകന്‍ ബ്രണ്‍സനെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചിരുന്ന തുര്‍ക്കി പിന്നീട് ഉപരോധം സഹിക്കാനാവാതെ അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ സന്നദ്ധരായി. അങ്ങനെയാണ് ഉപരോധം മൂലമുള്ള കടുത്തസാമ്പത്തിക ദുരിതത്തില്‍നിന്നു കരകയറിയത്.
മുഹമ്മദ്ബ്‌നു സല്‍മാന്റെ ഏകാധിപത്യ രീതികള്‍ക്കെതിരേ കിട്ടുന്ന അവസരങ്ങള്‍ ഉര്‍ദുഗാന്‍ നല്ലപോലെ വിനിയോഗിക്കുന്നുണ്ടെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ തെല്ലും മാനിക്കാതെ, എതിരാളികളെ കൂട്ടത്തോടെ ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഉര്‍ദുഗാന്‍ സര്‍ക്കാരിന്റെ മറ്റൊരു മുഖവും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.
കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന്റെ സൂത്രധാരനെ കണ്ടെത്തുന്നതിലും പരാജയമാണുണ്ടായിരിക്കുന്നത്. ഡി.എന്‍.എ സാംപിളുപയോഗിച്ചാണ് തുര്‍ക്കി അന്വേഷണം തുടരുന്നത്. അന്വേഷണം സുതാര്യമാകണമെന്ന ലോകരാജ്യങ്ങളുടെ പ്രതികരണം തുര്‍ക്കിക്കു ബലം നല്‍കും.
ജീവിച്ചിരുന്ന ഖഷോഗിയേക്കാള്‍ കരുത്തനാണു കൊല്ലപ്പെട്ട ഖഷോഗി. ഇടക്കാലത്ത് സഊദിയും തുര്‍ക്കിയും രഹസ്യ ധാരണയുണ്ടാക്കി ഒതുക്കിയില്ലെങ്കില്‍ കേസിലെ അന്വേഷണവിവരങ്ങളും ശേഷമുള്ള ഇരു രാജ്യങ്ങളുടെ തീരുമാനവും നയതന്ത്രബന്ധത്തില്‍ നിര്‍ണായകമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  14 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  27 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  34 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago