പരുക്ക്; ഫൈനലില്‍നിന്ന് പിന്മാറി ദീപക് പൂനിയ
നൂര്‍ സുല്‍ത്താന്‍: സുശീല്‍ കുമാറിന് പിന്നാലെ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന രണ്ടാം താരമായി മാറാന്‍ കാത്തിരുന്ന ദീപക് പൂനിയയെ തോല്‍പ്പിച്ചത് ഇറാന്റെ ലോക, ഒളിംപിക് ചാംപ്യന്‍ ഹസന് യസ്ദാനിയല്ല, മറിച്ച് കണങ്കാലിനേറ്റ പരുക്കാണ്. നേരത്തേ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ താരം പരുക്കുകാരണം പിന്മാറിയതോടെ ഗോദയില്‍ 2010ന് ശേഷമുള്ള സ്വര്‍ണമെഡലെന്ന കാത്തിരിപ്പ് നീളുന്നു. ആദ്യ ചാംപ്യന്‍ഷിപ്പില്‍ തന്നെ ഫൈനലിലെത്തിയതോടെ 20കാരനായ താരത്തിന് അഭിമാന വെള്ളിയുമായി മടങ്ങാം.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്സില്‍ ഒരുങ്ങേണ്ടതിനാല്‍ കൂടുതല്‍ പരുക്ക് ഒഴിവാക്കാനാണ് പിന്മാറ്റം. സെമിഫൈനല്‍ മത്സരത്തിനിടെയാണ് പരുക്ക് വില്ലനായത്.
86 കിലോഗ്രാം വിഭാഗത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനലില്‍ ഇറാന് താരം ഹസന് യസ്ദാനിയെ നേരിടാനിരിക്കുകയായിരുന്നു ഹരിയാനക്കാരന്. താരം പിന്മാറിയതോടെ ഇറാന് താരം മത്സരിക്കാതെ തന്നെ സ്വര്‍ണ മെഡല്‍ ജേതാവായി. തന്റെ ഇടതുകാലിന് ഭാരം താങ്ങാനാകുന്നില്ലെന്നും ഈ അവസ്ഥയില്‍ മത്സരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ദീപക്ക് പി.ടി.ഐയോട് പ്രതികരിച്ചു. ഫൈനലില്‍ യസ്ദാനിക്കെതിരായ മത്സരം ഒരു വലിയ അവസരമായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ മറ്റു വഴികളില്ല- ദീപക് വിതുമ്പി.
സെമിയില്‍ സ്വിസ് താരം സ്റ്റീഫന്‍ റെയ്ച്ച്മുത്തിനെ 8-2ന് മലര്‍ത്തിയടിച്ചാണ് ദീപക് ഫൈനലിലെത്തിയത്. സെമിയിലെത്തിയതോടെ ഒളിംപിക് യോഗ്യത നേടുകയും ചെയ്തു.
2016ല്‍ വേള്‍ഡ് കേഡറ്റ് ടൈറ്റില്‍ നേടിയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാവാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം എസ്റ്റോണിയയില്‍ നടന്ന ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന്റെ പിന്നാലെയാണ് തന്റെ കന്നി സീനിയര്‍ മത്സരമെന്നോണം ഈ ചാംപ്യന്‍ഷിപ്പിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."