'ക്യാപ്റ്റന്‍' ഡി കോക്ക്
ബംഗളൂരു: ദക്ഷിണാഫ്രിക്കയെ നയിക്കാന്‍ താന്‍ പ്രാപ്തനാണെന്ന് തെളിയിച്ച് നായകന്‍ ക്വിന്റണ്‍ ഡി കോക്ക്. ആദ്യ മത്സരത്തിലെ ഫോം രണ്ടാം മത്സരത്തിലും തുടര്‍ന്ന നായകന്റെ ചിറകിലേറി ഇന്ത്യക്കെതിരായ നിര്‍ണായകമായ മൂന്നാം ടി20 സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മൂന്നോവര്‍ ബാക്കി നില്‍ക്കേ ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ടീം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റിന് 134 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കുകയായിരുന്നു.
ഇതോടെ മത്സരം 1-1ന്റെ സമനിലയില്‍ കലാശിച്ചു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പര നേടാന്‍ ഇന്ത്യ കാത്തിരിക്കണം. 52 പന്തില്‍ പുറത്താവാതെ 79 റണ്‍സുമായാണ് നായകന്‍ ടീമിനെ വിജയതീരത്തെത്തിച്ചത്. ഈ ബാറ്റില്‍ നിന്ന് ആറ് ഫോറും അഞ്ച് സിക്‌സറും പിറന്നു. ഡി കോക്കാണ് പരമ്പരയിലെ താരം. ടെംബ ബാവുമ (23 പന്തില്‍ 27*) പുറത്താവാതെ നിന്നു. റീസ ഹെന്‍ഡ്രിക്‌സിന്റെ(26 പന്തില്‍ 28) വിക്കറ്റാണ് നഷ്ടമായത്. നേരത്തേ ശിഖര്‍ ധവാന്റെ ബാറ്റിങ്ങാണ് (25 പന്തില്‍ 35) ഇന്ത്യക്ക് കരുത്തേകിയത്.
ആദ്യ മത്സരത്തിലെ വിജയശില്‍പി നായകന്‍ കോഹ്‌ലി ഒന്‍പത് റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത കഗീസോ റബാദയും രണ്ട് വീതം വിക്കറ്റെടുത്ത ബ്യോറന്‍ ഫോര്‍ട്ടൂണും ബ്യൂറന്‍ ഹെന്‍ഡ്രിക്‌സുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. രണ്ടാം ടി20യിലെ അതേ ടീമുമായാണ് കോഹ്‌ലിപ്പട ഇറങ്ങിയതെങ്കില്‍ ആന്റിച്ച് നോര്‍ദെയ്ക്ക് പകരമായി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിനെ ദക്ഷിണാഫ്രിക്ക കളത്തില്‍ ഇറക്കി.
ഫോര്‍ട്ടൂണിന്റെ ആദ്യ പന്ത് ബൗണ്ടറി അടിച്ചാണ് ധവാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ വരവേറ്റത്. തുടക്കത്തില്‍ ധവാനും രോഹിത് ശര്‍മയും(8 പന്തില്‍ 9) ചേര്‍ന്ന് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. രണ്ടോവര്‍ അവസാനിക്കുമ്പോള്‍ ടീം സ്‌കോര്‍ 20 കടന്നിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ ഇന്ത്യക്ക് വില്ലനായി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് എത്തി. രണ്ടാം പന്തില്‍ രോഹിത്തിനെ സ്ലിപ്പില്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കൈകളിലെത്തിച്ച് താരം കൂട്ടുപൊളിച്ചു. തുടര്‍ന്നെത്തിയ കോഹ്‌ലിയെ കാഴ്ചക്കാരനാക്കി ധവാന്‍ ആഞ്ഞടിക്കുന്നതാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഒന്‍പതാം ഓവറെറിയാന്‍ വന്ന സ്പിന്നര്‍ തബ്രെയ്‌സ് ഷംസിയെയും ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ച ധവാന് തെറ്റി. ബാറ്റിന്റെ അറ്റത്ത് കൊണ്ട പന്ത് ഉയര്‍ന്ന് ടെംബ ബാവുമയുടെ കൈകളില്‍ ഭദ്രം. അഞ്ച് റണ്‍സ്‌കൂടി ചേര്‍ക്കുന്നതിനിടെ കോഹ്‌ലിയും പുറത്ത്. റബാദയെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച താരത്തെ പെഹ്‌ലുക്കായോ ബൗണ്ടറി ലൈനിനടുത്ത് വച്ച് പിടിച്ചു പുറത്താക്കി. പിന്നീട് ഫോം കണ്ടെത്താനുഴലുന്ന ഋഷഭ് പന്തിന്റെ ഊഴമായിരുന്നു. ശ്രേയസ് അയ്യറുമൊത്ത് (8 പന്തില്‍ 5) മികച്ച കൂട്ടുകെട്ടുണ്ടാക്കാനായി കളത്തിലിറങ്ങിയ താരം അല്‍പം നിലയുറപ്പിച്ചെങ്കിലും 20 റണ്‍സില്‍ അവസാനിച്ചു. 19 പന്തില്‍ ഓരോ സിക്‌സറും ഫോറും പറത്തിയാണ് പുറത്തായത്. അപ്പോള്‍ ടീം സ്‌കോര്‍ അഞ്ചിന് 92.
പെട്ടെന്ന് പോയ അയ്യറിന് പിന്നാലെയെത്തിയ ക്രുണാല്‍ പാണ്ഡ്യക്ക് (4) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യയും (18 പന്തില്‍ 14) ജഡേജയും (17 പന്തില്‍ 19) വാഷിങ്ടണ്‍ സുന്ദറും( 1 പന്തില്‍ 4) ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനില്‍ വച്ച് പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."