ശബരിമല: അനുനയ നീക്കവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അനുനയ നീക്കവുമായി എന്‍.എസ്.എസ് നേതൃത്വത്തെ സമീപിച്ചത്. പ്രബല സമുദായ സംഘടനയായ എന്‍.എസ്.എസിനെ പിണക്കുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സി.പി.എം നേതൃത്വം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
ശബരിമല വിഷയത്തില്‍ തുടക്കംമുതല്‍ മൃദുസമീപനം സ്വീകരിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തന്നെയാണ് എന്‍.എസ്.എസുമായുള്ള ചര്‍ച്ചക്ക് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നേമം മേലാംകോട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്‌നത്തിലും സര്‍ക്കാരിനെതിരേ സുകുമാരന്‍ നായര്‍ നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കടകംപള്ളി സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയാറായില്ല. എന്നാല്‍ ഇന്നലെ രാവിലെ സുകുമാരന്‍ നായരുമായി ഫോണില്‍ സംസാരിച്ചു. അതിനുശേഷം ആക്രമണം നടന്ന കരയോഗം ഓഫിസ് കടകംപള്ളി സന്ദര്‍ശിച്ചു. ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്ന് പിന്നീട് കടകംപളളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ല. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ചിലരുടെ ശ്രമം. എന്‍.എസ്.എസ് കരയോഗം ഓഫിസ് ആക്രമിച്ചതിനുപിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. എന്‍.എസ്.എസ് മഹനീയ പാരമ്പര്യമുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ പൂര്‍ണമായും സര്‍ക്കാരിനെതിരായ പ്രത്യക്ഷ നിലപാടാണ് നിലവില്‍ എന്‍.എസ്.എസ് സ്വീകരിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഭയന്നാണ് നിലപാട് മയപ്പെടുത്തി അനുരഞ്ജന നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തയാറായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."