ബന്ധുനിയമനം: വിശദീകരണം മന്ത്രി കെ.ടി ജലീലിന് തിരിച്ചടിയാകുന്നു
കോഴിക്കോട്: പിണറായി സര്‍ക്കാരിന് തിരിച്ചടിയായി വീണ്ടും ബന്ധുനിയമന വിവാദം. കെ.ടി ജലീലിനെതിരേ യൂത്ത് ലീഗ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തെ ശരിവയ്ക്കുംവിധം മന്ത്രിയുടെ വിശദീകരണക്കുറിപ്പ് ഫേസ്ബുക്കിലൂടെ പുറത്തുവന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്.
ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഇ.പി ജയരാജന് നേരത്തെ രാജിവയ്‌ക്കേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തില്‍ കെ.ടി ജലീലിനെതിരേ എന്തു നടപടിയാണ് ഉണ്ടാകുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
യൂത്ത് ലീഗിന്റെ ആരോപണം ഇന്നലെ യു.ഡി.എഫ് നേതാക്കളും ഏറ്റുപിടിച്ചിരുന്നു. ഇന്നുമുതല്‍ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കാനാണ് യു.ഡി.എഫ് തീരുമാനം. ശബരിമല വിവാദം കെട്ടടങ്ങുംമുന്‍പ് സര്‍ക്കാരിന് പുതിയ വെല്ലുവിളിയായിരിക്കുകയാണ് കെ.ടി ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദം.
ബന്ധുനിയമന വിവാദത്തില്‍ ഫേസ്ബുക്കിലൂടെയുള്ള കെ.ടി ജലീലിന്റെ വിശദീകരണക്കുറിപ്പാണ് മന്ത്രിയെ കൂടുതല്‍ കുരുക്കിലാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ് മന്ത്രിയുടെ കുറ്റസമ്മതമാണെന്ന് ഉയര്‍ത്തിക്കാട്ടി യൂത്ത് ലീഗ് ഇന്നുമുതല്‍ പ്രക്ഷോഭത്തിനിറങ്ങും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും മന്ത്രി ജലീലിനെതിരേ രംഗത്തുവന്നു.
യൂത്ത് ലീഗിന്റേത് ഉണ്ടയില്ലാ വെടിയെന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ മറുപടിയാണ് മന്ത്രിക്കെതിരേ യൂത്ത് ലീഗും യു.ഡി.എഫും ഇപ്പോള്‍ ആയുധമാക്കുന്നത്.
പിതൃസഹോദര പുത്രനായ അദീപിനെ നിയമിച്ചതിന് മന്ത്രി നല്‍കുന്ന വിശദീകരണത്തിലെ പൊള്ളത്തരം ഉയര്‍ത്തിക്കാട്ടാനാണ് ഇന്നലെ യൂത്ത് ലീഗ് ശ്രമിച്ചത്. സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജറായി ജോലിചെയ്ത അദീപിനെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്നിട്ടും നിര്‍ബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷനിലെ ധനകാര്യ ജനറല്‍ മാനേജറായി നിയമിക്കുകയായിരുന്നുവെന്ന് മന്ത്രിയുടെ മറുപടിയിലുണ്ട്. അദീപിന് കോര്‍പറേഷനില്‍ ജോലിചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്നത്, 1958ലെ കെ.എസ് ആന്‍ഡ് എസ്.എസ്.ആറിലെ 9 ബി പ്രകാരം ഡെപ്യൂട്ടേഷനില്‍ യോഗ്യതയും പരിചയസമ്പത്തുമുള്ള ആരെയും നിയമിക്കാം എന്നിങ്ങനെയുള്ള വാദങ്ങളാണ് മന്ത്രിക്ക് തിരിച്ചടിയായത്.
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരാളെ ഡെപ്യൂട്ടേഷനില്‍ വയ്ക്കാനുള്ള അധികാരം കെ.എസ് ആന്‍ഡ് എസ്.എസ്.ആറിലെ 9 ബി നല്‍കുന്നില്ല. സൗത്ത് ഇന്ത്യന്‍ ബാങ്ക് തന്നെ അവര്‍ പൂര്‍ണമായും സ്വകാര്യ ബാങ്കാണെന്ന് അവകാശപ്പെടുന്നുമുണ്ട്.
2014 സെപ്റ്റംബര്‍ 5ന് പിന്നോക്ക സമുദായ വികസന വകുപ്പിന്റെ സര്‍ക്കുലര്‍പ്രകാരം ധനകാര്യ അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ മാനേജര്‍ക്ക് എം.ബി.എ നിര്‍ബന്ധമില്ല.
വിദേശത്തുള്ള മന്ത്രി ജലീല്‍ തിരികെയെത്തി കാര്യങ്ങള്‍ അന്വേഷിച്ചശേഷം പ്രതികരിച്ചാല്‍ മതിയെന്നാണ് സി.പി.എം നിലപാട്. വിവാദ നിയമനത്തില്‍ നേരിട്ട് ഇടപെട്ടുവെന്ന് മന്ത്രി പറയുന്ന ന്യൂനപക്ഷ കോര്‍പറേഷന്റെ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബും എം.ഡി റിട്ട.എസ്.പി അക്ബറും വിവാദത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."