കുട്ടിക്കടത്ത്: അധികൃതര്‍ ചെയ്തത് മഹാപാപമെന്ന് ഡോ. ബഹാഉദ്ദീന്‍ നദ്‌വി
കല്‍പ്പറ്റ: മെച്ചപ്പെട്ട വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും തേടി കേരളത്തിലെ യതീംഖാനകളിലേക്കെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ച നടപടിക്ക് നേതൃത്വം കൊടുത്ത അധികൃതര്‍ ചെയ്തത് മഹാപാപമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.
ജന്മനാടുകളിലെ സാമ്പത്തിക പരാധീനതകളില്‍ വിദ്യഭ്യാസം പോലും നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആ കുട്ടികളെ കേരളത്തിലെ യതീംഖാനകളിലേക്ക് പറഞ്ഞു വിട്ടത്. ഭേദപ്പെട്ട വിദ്യഭ്യാസം ലഭിക്കുന്നതിനും സാമ്പത്തിക പരാധീനതകളില്‍നിന്ന് കുഞ്ഞുങ്ങളെയെങ്കിലും രക്ഷിച്ചെടുക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയായിരുന്നു അത്. ഇതിനെ കുട്ടിക്കടത്തായും മറ്റും ചിത്രീകരിച്ച് അവരുടെ വിദ്യാഭ്യാസ അവകാശത്തെ പോലും ഹനിക്കുകയായിരുന്നു. അതിന് കൂട്ടുനിന്നതാകട്ടെ കേരളത്തിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന കൂട്ടുകെട്ടും.
കുട്ടിക്കടത്തെന്ന പേരില്‍ അന്ന് തിരികെ അയച്ച ആ കുട്ടികളിന്ന് അവരുടെ നാടുകളില്‍ ആക്രി പെറുക്കിയും മറ്റും ജീവിക്കാനുള്ള പോരാട്ടത്തിലാണ്. അന്നത്തെ സംഭവം കുട്ടിക്കടത്തല്ലെന്നും അവര്‍ വിദ്യാഭ്യാസത്തിനായാണ് കേരളത്തിലെ യതീംഖാനകളിലെത്തിയതെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഇല്ലാതായത് കേരളത്തില്‍ ഏറെ കൊട്ടിഘോഷിച്ച കുട്ടിക്കടത്തെന്ന പൊള്ളക്കഥയാണ്. എന്നാല്‍ ഇത്രകാലം കൊട്ടിഘോഷിച്ച ഈ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞിട്ടും തിരുത്താനുള്ള ശ്രമങ്ങള്‍ പല മാധ്യമങ്ങളും നടത്താത്തത് ഖേദകരമാണ്. തങ്ങളുടെ വിദ്യാഭ്യാസമെന്ന അവകാശം ഇല്ലാതാക്കുകയും ഭാവി ഇരുട്ടിലാക്കുകയും ചെയ്ത ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് മേല്‍ ആ കുഞ്ഞുങ്ങളുടെ ശാപം എന്നും വന്ന് പതിക്കുമെന്നും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റയില്‍ സുപ്രഭാതം വയനാട്, നീലഗിരി റെയ്ഞ്ച് കോ-ഓഡിനേറ്റര്‍മാരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."