ഭൂവുടമകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് പരാതി
മാവൂര്‍: വില്ലേജ് ഓഫിസ് ഡിജിറ്റല്‍ വല്‍ക്കരണത്തിലെ അപാകത കാരണം ഭൂഉടമകള്‍ക്ക് വില്ലേജുകളില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് പരാതി.
പല വില്ലേജ് ഓഫിസുകളിലും ഭൂനികുതി രശീത്, തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായിട്ട് മാസങ്ങളായി. ഭൂഉടമകള്‍ അതത് സ്ഥലത്തിന്റെ വിവരം പോക്കുവരവ് രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ വില്ലേജ് ഓഫിസില്‍ രണ്ടുവര്‍ഷം മുന്‍പ് നല്‍കിയതാണ്. ഭൂനികുതി അടക്കല്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചതിനെ തുടര്‍ന്ന് തണ്ടപ്പേര്‍ നമ്പര്‍ ആവശ്യമായി വന്നതോടെയാണ് പലര്‍ക്കും ഭൂ നികുതി അടക്കാനാകാതെയായത്. പകുതിയിലേറെ പേരുടെ ഭൂമിയുടെ വിവരങ്ങള്‍ പലയിടത്തും കംപ്യൂട്ടറില്‍ കയറിയിട്ടില്ലെന്നാണ് വിവരം.
മലബാര്‍ മേഖലകളില്‍ റീസര്‍വേ ചെയ്യുകയോ റിക്കാര്‍ഡുകള്‍ ശരിപ്പെടുത്തുകയോ ചെയ്യാതെ ധൃതിപ്പെട്ട് ഡിജിറ്റല്‍ വല്‍ക്കരിച്ചതാണ് കൂടുതല്‍ സങ്കീര്‍ണമാക്കിയത്.
കുറ്റമറ്റരീതിയില്‍ റീസര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തയാറായില്ല. ഫീല്‍ഡ്മാപ്പ് പോലും തയാറാക്കാതെയാണ് കംപ്യൂട്ടര്‍വല്‍കരണം നടപ്പാക്കിയത്. സാങ്കല്‍പ്പിക സര്‍വേ നമ്പറായതിനാല്‍ ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കില്‍ സര്‍വേ സ്‌കെച്ച് നല്‍കിയാലും ഈ ഭൂമി എവിടെയാണെന്ന് കാണിച്ച് കൊടുക്കാന്‍ വില്ലേജ് അധികൃതര്‍ക്കാവില്ല.
വില്ലേജ് ഓഫിസ് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഭൂ ഉടമകള്‍ പൂരിപ്പിച്ച് നല്‍കിയ അപേക്ഷയില്‍ ഉണ്ടായ തെറ്റുകള്‍ കാരണവും ഇതോടൊപ്പം ഈ അപേക്ഷയിലെ വിവരങ്ങള്‍ അക്ഷയ സെന്റര്‍ വഴി ഓണ്‍ലൈനില്‍ നല്‍കുമ്പോള്‍ ഉണ്ടായ തെറ്റും സാധാരണക്കാരായ ഭൂഉടമകള്‍ നികുതി അടക്കാന്‍ കഴിയാതെ വട്ടം കറങ്ങുകയാണ്.
അപേക്ഷ ഫോറം വില്ലേജ് ഓഫിസില്‍ കൈപ്പറ്റുന്ന സമയത്ത് ഉദ്യാഗസ്ഥര്‍ ആവശ്യമായ സൂക്ഷ്മ പരിശോധന നടത്താതെ വാങ്ങി വച്ചതാണ് ഇത്രയും ഗുരുതരമായ തെറ്റുകള്‍ക്ക് കാരണം. ഭൂനികുതി അടക്കാന്‍ നോക്കുമ്പോള്‍ സര്‍വേ നമ്പര്‍ തെറ്റായാണ് കംപ്യൂട്ടറില്‍ ഉള്ളത്. പലര്‍ക്കും രേഖയില്‍ ഉള്ളതിനെക്കാള്‍ സ്ഥലം കുറഞ്ഞും കൂടിയുമുണ്ട്.
നിരവധി ആനുകൂല്യങ്ങള്‍ക്കും ഇടത്തരം ഭൂഉടമകള്‍ക്ക് നികുതി രശീതി ആവശ്യമാണ്. ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പൊതുജനാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."