വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ഏകോപനം ഉണ്ടാകണമെന്ന് ഉന്നത വിദ്യാഭ്യാസ സമ്മേളനം
കൊച്ചി: പൊതുവായ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കണമെന്ന് കേരളത്തിലെ വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ സമ്മേളനം ആവശ്യപ്പെട്ടു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സമ്മേളനം അംബാസഡര്‍ ടി.പി ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. ആഗോള വിദ്യാഭ്യാസ മാതൃകകള്‍ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരേ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായത് വിദ്യാര്‍ഥികളില്‍ നിന്നല്ല, ചില മുന്‍ വൈസ് ചാന്‍സലര്‍മാരില്‍ നിന്നായിരുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുവായ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയത്തിന് തുടര്‍ച്ചയില്ലാത്തതിനാല്‍ സര്‍ക്കാരുകള്‍ മാറുമ്പോള്‍ നയങ്ങളും മാറുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത വൈസ് ചാന്സിലര്മ്മാര് അഭിപ്രായപ്പെട്ടു.
ലോകത്തെ പല സര്‍വകലാശാലകളും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് ഇനിയും അതിന് കഴിയുന്നില്ല. ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കനത്ത തിരിച്ചടി നേരിടും. വിദ്യാഭ്യാസ മേഖലയിലെ കുറവുകള്‍ കണ്ടെത്താനോ അത് പരിഹരിക്കണോ സംസ്ഥാനത്ത് യാതൊരു സംവിധാനവും നിലവിലില്ല. സര്‍വകലാശാലകളുടെ മാതൃകയില്‍ അധ്യാപക പരിശീലന അക്കാദമി സ്ഥാപിക്കണമെന്നും യോഗത്തില്‍ മോഡറേറ്ററായ കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ്കുമാര് ആവശ്യപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ. രവീന്ദ്രനാഥ്, കുസാറ്റ് മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ്, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ആര് വിശ്വംഭരന്, വെറ്റിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്, അവിനാശിലിംഗം സര്‍വകലാശാല ചാന്‍സലര്‍ ഡോ. പി.ആര് കൃഷ്ണകുമാര്‍ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ ധര്മജന് സെന്റ്. തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ലതാ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."