'അപകടസമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു'
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മി മൊഴി നല്കി. അപകടസമയത്ത് ബാലഭാസ്കറല്ല വാഹനം ഓടിച്ചതെന്നും ഡ്രൈവര്‍ അര്‍ജുനനാണ് വാഹനം ഓടിച്ചതെന്നുമാണ് ലക്ഷ്മിയുടെ മൊഴി.
അപകടത്തില്‍പ്പെട്ട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആയിരുന്നുവെന്ന് നേരത്തെ ഡ്രൈവര്‍ അര്ജുനന് മൊഴി നല്‍കിയിരുന്നു. ഇത് പൂര്‍ണമായും തള്ളിയാണ് ലക്ഷ്മി മൊഴി നല്‍കിയത്.
ദീര്‍ഘയാത്രകളില്‍ ബാലഭാസ്കര്‍ ഡ്രൈവ് ചെയ്യില്ലെന്നും അടുത്ത ദിവസം സ്റ്റേജ് ഷോ ഉള്ളതിനാല്‍ ബാലഭാസ്കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും താനും കുഞ്ഞും മുന്‍ സീറ്റിലാണ് ഇരുന്നതെന്നും ലക്ഷ്മി മൊഴി നല്കി.
ഇന്നലെ മുടവന്‍മുഗളിലെ വീട്ടിലെത്തിയാണ് ആറ്റിങ്ങല്‍ പൊലിസ് മൊഴിയെടുത്തത്. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുള്ള സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന നടത്താനും ദൃക്സാക്ഷികളുടെ മൊഴി വീണ്ടും എടുക്കാനും പൊലിസ് തീരുമാനിച്ചു.
ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാംപിന് സമീപം കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മി ആശുപത്രി വിട്ട് വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."