പ്രിസം കേഡറ്റ് ജിഫ്‌രി തങ്ങള്‍ നാളെ നാടിന് സമര്‍പ്പിക്കും
ചേളാരി: വിദ്യാര്‍ഥികാലം തൊട്ടേ കുട്ടികളില്‍ ഉത്തരവാദിത്ത ബോധവും നേതൃപാടവവും പരിശീലിപ്പിക്കാന്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളില്‍ തുടക്കം കുറിച്ച പ്യൂപ്പിള്‍സ് റെസ്‌പോണ്‍സീവ് ഇനീസിയേഷന്‍ ഫോര്‍ സ്‌കില്‍സ് ആന്‍ഡ് മൊറെയ്ല്‍സ് (പ്രിസം) കേഡറ്റ് യൂനിറ്റുകള്‍ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നാളെ രാവിലെ നാടിന് സമര്‍പ്പിക്കും.
വെള്ള, വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ ഒന്‍പത് നിറങ്ങള്‍ യഥാക്രമം ധാര്‍മികമൂല്യം, സാമൂഹികം, ദേശീയം, മാനസികാരോഗ്യം, പാരിസ്ഥിതികം, ക്ഷേമകാര്യം, നേതൃപാടവം, ശാരീരികാരോഗ്യം, സര്‍ഗാത്മകം എന്നീ ഒന്‍പതു പ്രവര്‍ത്തനമേഖലകളാക്കി തിരിച്ചുള്ള പരിശീലന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് പ്രിസം കേഡറ്റിന് കീഴില്‍ സംഘടിപ്പിക്കുക.
ഓരോ വിദ്യാലയത്തിലും കെ.ജി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നീ നാല് തലങ്ങളിലായി വ്യത്യസ്ത യൂനിറ്റുകളില്‍ ആണ്‍കുട്ടികളും പെണ്കുട്ടികളുമടക്കം 33 വിദ്യാര്‍ഥികളാണ് പ്രിസം കേഡറ്റുകളായി ഉണ്ടാകുക.
പ്രത്യേക യൂനിഫോമും ബാഡ്ജും ഗീതവും പതാകയും പ്രിസം കേഡറ്റുകള്‍ക്കുണ്ടാകും. ഇവരെ പരിശീലിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിദഗ്ധ പരിശീലനം ലഭിച്ച പ്രിസം മെന്റര്‍മാരും ഓരോ വിദ്യാലയത്തിലും ഉണ്ടാകും.
വര്‍ഷത്തില്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടുനില്‍ക്കുന്ന യൂനിറ്റ്തല സഹവാസ ക്യാംപുകള്‍ക്കു പുറമെ മേഖല, സംസ്ഥാനതല ക്യാംപുകളും ഉണ്ടാകും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച യൂനിറ്റ്, കേഡറ്റ്, മെന്റര്‍, പാരന്റ് എന്നീ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
കോഴിക്കോട് പരപ്പില്‍ സീ ഷോര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രിസം കേഡറ്റ് സമര്‍പ്പണ ചടങ്ങില്‍ അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, പിണങ്ങോട് അബൂബക്കര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, യു. ഷാഫി ഹാജി ചെമ്മാട്, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം.എ ചേളാരി, ഹാജി പി.കെ മുഹമ്മദ്, പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, അബ്ദുറഹീം ചുഴലി, പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."