സഹപ്രവര്‍ത്തകന് കരുതല്‍ ഭവനമൊരുക്കി സുപ്രഭാതം വാട്‌സ് ആപ്പ് കൂട്ടായ്മ
വാളാട് (വയനാട്): സേവനവഴിയില്‍ കുടുംബത്തെ അടച്ചുറപ്പുള്ള ചുമരുകള്‍ക്കുള്ളിലാക്കാന്‍ മറന്ന സഹപ്രവര്‍ത്തകനു ഭവനമൊരുക്കി സുപ്രഭാതം വാട്‌സ് ആപ്പ് കൂട്ടായ്മ. വയനാട്ടിലെ വാളാടിനു സമീപം കൂടംകുന്നില്‍ സഹജീവി സ്‌നേഹത്തിന്റെ മാതൃക തീര്‍ത്ത് 'സുപ്രഭാതം മന്‍സിലി'ന് ശിലയിടുമ്പോള്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കുകയായിരുന്നു.
വയനാട് ജില്ലയില്‍ സുപ്രഭാതത്തിനായി പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തങ്ങളുടെ സഹപ്രവര്‍ത്തകന്റെ അടച്ചുറപ്പുള്ള ഭവനമെന്ന ലക്ഷ്യത്തിലേക്ക് ശിലനാട്ടിയത്. ഇന്നലെ കൂടംകുന്നില്‍ നടന്ന തറക്കല്ലിടല്‍ കര്‍മം സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിച്ചു. സുപ്രഭാതം എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എ. സജീവന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ സമസ്തയുടെയും പോഷകഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു.
നാട്ടിലെ സര്‍വപ്രശ്‌നങ്ങള്‍ക്കും സാന്ത്വനമായി മുന്നില്‍നിന്ന് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവിക്കുന്നതിനിടയില്‍ തന്റെ കുടുംബത്തിനെ അടച്ചുറപ്പുള്ള വീട്ടിനുള്ളിലാക്കണമെന്ന കാര്യം മറന്നു പോകുകയായിരുന്നു ഒരു മനുഷ്യന്‍.
മൂന്നു വര്‍ഷത്തിലധികമായി കുടുംബം കഴിയുന്നത് ഒരു കൂരയിലായിരുന്നിട്ട് പോലും തന്നെക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ വേറെയുണ്ടെന്നും അവര്‍ക്കാണ് സഹായങ്ങള്‍ എത്തേണ്ടതെന്ന കാഴ്ചപ്പാടിലായിരുന്നു അയാള്‍. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാള്‍ കണ്ട വീടെന്ന സ്വപ്നം അതുകൊണ്ട് തന്നെ ഇന്നും പൂവണിയാതെ ഒരു ഷെഡായി ചുരുങ്ങി. എന്നാല്‍ ആ ഷെഡിനുള്ളില്‍ ഇരിക്കാന്‍ അദ്ദേഹത്തിനായില്ല. സഹജീവികളുടെ കണ്ണീരൊപ്പാനും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും തിരക്കിലായിരുന്നു.
ഇതിനിടെയാണ് വാട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ യാദൃച്ഛികമായി ഇദ്ദേഹത്തിന്റെ വീട്ടില്‍ മറ്റൊരാവശ്യത്തിനായി വന്നെത്തിയത്.
പിന്നീട് അയാളുടെ ജീവിതപരിസരം മനസിലാക്കി വാട്‌സ് ആപ്പ് കൂട്ടായ്മ വീടുവച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകന് അടച്ചുറപ്പുള്ള വീടൊരുക്കുകയെന്ന കൂട്ടായ്മയുടെ ലക്ഷ്യം ഒരു കുടുംബത്തിന്റെ സ്വപ്നത്തെയാണ് കൂടെക്കൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."