ആശയങ്ങളെ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ അണിനിരക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ആശയങ്ങളെ സങ്കുചിത ചിന്തകളാല്‍ കീഴ്‌പ്പെടുത്താന്‍ ചില ഭാഗങ്ങളില്‍ നടക്കുന്ന ശ്രമങ്ങളെ നേരിടാന്‍ ജനാധിപത്യ വിശ്വാസികളും പുരോഗമനവാദികളും അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച 151 കൃതികളുടെ പ്രകാശന ചടങ്ങ് വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം നടപടികള്‍ക്ക് വഴങ്ങില്ല. ശക്തമായി എതിര്‍ക്കും. അസഹിഷ്ണുതയ്‌ക്കെതിരേ കടുത്ത ചെറുത്ത് നില്‍പ് ഉയര്‍ന്നുവരേണ്ട ഘട്ടമാണിത്. എന്തെഴുതണമെന്നും പറയണമെന്നും തീരുമാനിക്കാന്‍ ചിലര്‍ക്ക് അവകാശമെന്ന നിലയിലാണ് കാര്യങ്ങള്‍. ഇതില്‍ നിന്ന് വ്യത്യസ്തമായാല്‍ അസഹിഷ്ണുതയുടെ ഭാഗമായി ജീവനെടുക്കാനും മടിക്കുന്നില്ല. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പലര്‍ക്കും ഇങ്ങനെ ജീവഹാനി സംഭവിച്ചിരിക്കുന്നു. തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്റെ പ്രശ്‌നവും ഗൗരവമായി നമ്മള്‍ ചര്‍ച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടമ്മനിട്ട രാമകൃഷ്ണന്റെ ഭാര്യ ആര്‍ ശാന്തമ്മയ്ക്ക് കടമ്മനിട്ട കൃതികള്‍ നല്‍കിയാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കടമ്മനിട്ടയുടെ ഒരു പുസ്തകത്തിന്റെ പ്രതി ശാന്തമ്മ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. കേരളം നേരിടുന്ന കുറവുകള്‍ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കെ മുരളീധരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക, എസ്.പി.സി.എസ് വൈസ് പ്രസിഡന്റ് പി.വി.കെ പനയാല്‍, സെക്രട്ടറി അജിത് കെ. ശ്രീധര്‍, ഭരണസമിതിയംഗം എസ് രമേശന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."