ജില്ലയിലെ പക്ഷി നിരീക്ഷണ സങ്കേതങ്ങളിലെ കാവല്‍ക്കാരെ പിന്‍വലിച്ചു; പണമില്ലെന്ന് വനംവകുപ്പിന്റെ വിശദീകരണം
കെ.പി ഖമറുല്‍ ഇസ്‌ലാം
കുറ്റിപ്പുറം: ഭാരതപ്പുഴയോരത്ത് പക്ഷിവേട്ട തടയുന്നതിന്റെ ഭാഗമായി നിര്‍ദിഷ്ട സംരക്ഷിത സങ്കേതങ്ങളില്‍ നിരീക്ഷണത്തിന് നിയോഗിച്ച വാച്ച്മാനെ വനംവകുപ്പ് പിന്‍വലിച്ചു. തിരുന്നാവായ, നിലമ്പൂര്‍ അടക്കമുള്ള ജില്ലയിലെ ഏഴ് നിരീക്ഷണ സ്ഥലങ്ങളില്‍ നിന്നാണ് മാസവേതനത്തിന് നിയോഗിച്ചിരുന്ന കാവല്‍ക്കാരെ പിന്‍വലിച്ചത്. നിലമ്പൂരില്‍ പുതിയ ഡി.എഫ്.ഒ ചാര്‍ജ് എടുത്തതോടുകൂടിയാണ് തിരുന്നാവായയില്‍ നിന്നും മറ്റുമായി വനംവകുപ്പ് കാവല്‍ക്കാരെ മാറ്റിയത്.
ജൈവ സമ്പന്ന മേഖലയായ തിരുന്നാവായയില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് വനംവകുപ്പ് പക്ഷി നിരീക്ഷണ കേന്ദ്രങ്ങളില്‍ കാവല്‍ക്കാരനെ നിയമിച്ചത്. കാളികാവ് റെയ്ഞ്ച് ഓഫിസറായിരുന്ന റഹീസിന്റെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പുതിയ ഡി.എഫ്.ഒ വന്നതോടെ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പുനര്‍ നിയമനം നടത്തിയില്ല. കാവല്‍ക്കാര്‍ക്ക് കൊടുക്കാന്‍ പണമില്ലെന്നാണ് ഡി.എഫ്.ഒ പറയുന്നത്. പക്ഷിസ്‌നേഹികളുടെ അപേക്ഷ പരിഗണിച്ച് വനംവകുപ്പ് മന്ത്രിയുടെ ഓഫിസും ജില്ലാ കലക്ടറും വിഷയത്തില്‍ ഇടപെട്ടെങ്കിലും ഡി.എഫ്.ഒയുടെ ഓഫിസ് കുലുങ്ങിയിട്ടില്ല. പക്ഷികള്‍ക്കെതിരേ വ്യാപകമായ രീതിയില്‍ അതിക്രമങ്ങള്‍ നടന്നതിനെ തുടര്‍ന്നാണ് വനംവകുപ്പ് മുഴുവന്‍ സമയ കാവല്‍ക്കാരനെ ഏര്‍പ്പെടുത്തിയത്.
നിര്‍ദിഷ്ട പക്ഷി കേന്ദ്രങ്ങളായ കൊടക്കല്‍ ബന്ദര്‍കടവ്, തിരുന്നാവായ, ചെമ്പിക്കല്‍, കുറ്റിപ്പുറം, തവനൂര്‍, പട്ടര്‍നടക്കാവ് , വലിയപറപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാവല്‍ക്കാരന്റെ മുഴുവന്‍ സമയ പരിശോധനയാണ് നേരത്തെ ഉണ്ടായിരുന്നത്.
കാവല്‍ക്കാരന്റെ ഇടപെടല്‍ മൂലം പക്ഷിവേട്ട ഗണ്യമായി കുറഞ്ഞിരുന്നു. വാച്ച്മാന്‍ ഇല്ലാതാകുന്നതോടെ വേട്ടക്കാരുടെ ശല്യം വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷിവേട്ട രൂക്ഷമായ സാഹചര്യത്തില്‍ വനംവകുപ്പ് മുന്നറിയിപ്പ് ബോര്‍ഡുകളും വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്നു.
കൂടാതെ പൊതു ജനങ്ങളില്‍ ബോധവല്‍ക്കരണവും നടത്തിയിരുന്നു. വംശനാശം നേരിടുന്ന നിരവധി പക്ഷികളാണ് തിരുന്നാവായയുടെ സങ്കേതങ്ങളില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."