വൈറലായി പാലാരിവട്ടം പുട്ടും മരട് നെയ്‌റോസ്റ്റും
വാര്‍ത്തകളിലും ട്രോളിലും മാത്രമല്ല തീന്‍മേശയിലും വൈറലായി പാലാരിവട്ടവും മരടും. തലശ്ശേരിയിലെ ഒരു ഹോട്ടലാണ് പാലാരിവട്ടം പാലത്തേയും മരട് ഫഌറ്റിനേയും രുചിയില്‍ പണിത് തീന്‍മേശയിലെത്തിച്ചത്.
ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുള്ളില്‍ പൊളിച്ചു പണിയാന്‍ വിധിക്കപ്പെട്ട പാലാരിവട്ടം പാലവും ഇപ്പം പൊളിക്കും ഇപ്പം പൊളിക്കുമെന്ന ഭീഷണിയുടെ മുനമ്പില്‍ നില്‍ക്കുന്ന മരട് ഫഌറ്റുമാണ് പുട്ടായും നെയ്‌റോസ്റ്റായുമായ് ആഹാരപ്രിയര്‍ക്കു മുന്നില്‍ ഇവരെത്തിച്ചിരിക്കുന്നത്. പുട്ടും നെയ്‌റോസ്റ്റും ഒട്ടും പുതുമയല്ല, എന്നാല്‍ അതിനവര്‍ നല്‍കിയ ക്യാപ്ഷന്‍ ഇവരെ വൈറലാക്കുകയായിരുന്നു.
തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍, പാലാരിവട്ടം പുട്ട് എന്ന ക്യാപ്ഷനാണ് പുട്ടിന് ഹോട്ടലുകാര്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. പേരിനോട് നീതി പാലിക്കുന്ന വിധത്തില്‍ നല്ല മൃദുലമായ തൊട്ടാല്‍ പൊളിഞ്ഞു പോകുന്ന പുട്ടാണെന്നാണ് ഹോട്ടലുകാരുടെ അവകാശവാദം. പുട്ട് വൈറലായതോടെ പിന്നാലെ മരട് നെയ്‌റോസ്റ്റും എത്തി. പൊളിക്കാനായി പണിഞ്ഞത് 'പൊളി' ബ്രേക്ക് ഫാസ്റ്റ് എന്നാണ് മരട് നെയ്‌റോസ്റ്റിന്റെ വിശേഷണം. ഫഌറ്റ് പോലെ കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന രുചിയേറിയ നെയ്‌റോസ്റ്റിനും ആവശ്യക്കാര്‍ ഏറെയാണ്.
ഹോട്ടലിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് പാലാരിവട്ടം പുട്ടും മരട് നെയ്‌റോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. തലശ്ശേരിക്കാരനും നടനുമായ വിനീത് ശ്രീനിവാസനടക്കമുള്ള താരങ്ങള്‍ പാലാരിവട്ടം പുട്ട് പരസ്യം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
പരസ്യ വാചകങ്ങള്‍ക്ക് പിന്നില്‍ കോഴിക്കോടുള്ള പരസ്യ ഏജന്‍സിയാണ്. മനു ഗോപാലാണ് ഈ കിടിലന്‍ ക്യാപ്ഷന്റെ ഉടമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."