ആത്മഹത്യ ചെയ്ത കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം സംസ്‌കരിച്ചു
വിഴിഞ്ഞം: ഹാജര്‍ തികയാത്തതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞ വിഷമത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കാറ്ററിങ് കോളജ് വിദ്യാര്‍ഥി കൊല്‍ക്കത്ത സ്വദേശി സ്വര്‍ണേന്ദു മുഖര്‍ജിയെ (18) ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. മകന്റെ ശരീരം തീ നാളങ്ങള്‍ ഏറ്റുവാങ്ങുന്നതിന് അച്ഛന്‍ ദിയാതാ മുഖര്‍ജിയും അമ്മ സ്വാഗത മുഖര്‍ജിയും ബന്ധുക്കളും സാക്ഷിയായി. സഹപാഠിയെ അവസാനമായി ഒരു നോക്ക് കണ്ട് അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി വിദ്യാര്‍ഥികള്‍ എത്തി.
സ്വര്‍ണേന്ദുവിന്റെ മരണവിവരമറിഞ്ഞ മാതാപിതാക്കള്‍ ഇന്നലെ രാവിലെ എട്ടോടെയാണ് കോവളം സ്റ്റേഷനില്‍ എത്തിയത്. സ്വര്‍ണ്ണേന്ദുവിന് പരീക്ഷയെഴുതാന്‍ ഹാജര്‍ ഇല്ലാത്ത വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കാത്ത കോളജ് അധികൃതരാണ് മകന്റെ മരണത്തിനുത്തരവാദികളെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അവര്‍ കോവളം പൊലിസില്‍ പരാതി നല്‍കി. പൊലിസ് ഇവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണമാരംഭിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിയ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉറ്റവരും സഹപാഠികളും നല്‍കിയ യാത്രാമൊഴിക്കൊടുവില്‍ ഉച്ചയോടെ സ്വര്‍ണേന്ദുവിന്റെ മൃതശരീരം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. കോളജ് അധികൃതരുടെ നിരുത്തരവാദ നടപടിക്കെതിരേ ഇന്നലെയും പ്രതിഷേധമുയര്‍ന്നു. കോവളം ബ്ലോക്ക് പ്രസിഡന്റ് കോട്ടുകാല്‍ വിനോദിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് കോളജിലേക്ക് നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തിന് വഴിതെളിച്ചു. ഗേറ്റ് തള്ളിത്തുറന്ന് കാംപസില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. ഇവരെ ഒടുവില്‍ അറസ്റ്റ് ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."