മരചീനി വില ഇടിയുന്നു, കര്‍ഷകര്‍ ആശങ്കയില്‍
കൊല്ലം: വില തകര്‍ന്നതോടെ മരച്ചീനി കര്‍ഷകര്‍ ആശങ്കയില്‍. ഉല്‍പാദനചെലവ് വര്‍ധിക്കുമ്പോഴും മരചീനിയുടെ വില തകരുന്നതോടെ വിപണി കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് കര്‍ഷകര്‍.
ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ മരചീനി വിളവിന്റെ കാലം. ആദായം എടുക്കാന്‍ സമയമാകുമ്പോള്‍ മരചീനിയുടെ വില കുത്തനെ ഇടിയുന്നതോടെ വന്‍ പ്രതിസന്ധിയിലാകുകയാണ് കര്‍ഷകര്‍.
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളിലാണ് മരചീനിക്കൃഷി വ്യാപകമായി ഉള്ളത്. ഉല്‍പാദനച്ചെലവ് വര്‍ഷംതോറും വര്‍ധിക്കുകയാണ്. പണിക്കൂലിയിലും വളത്തിന്റെ വിലയില്‍ ഉണ്ടാകുന്ന വര്‍ധനയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. റബറിനൊപ്പം മരചീനിയുടേയും വില ഇടിയുന്നത് കാര്‍ഷിക രംഗത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാര്‍ഷികമേഖലയില്‍ നില്‍ക്കുന്നവര്‍ പട്ടിണിയിലേക്കും കടക്കെണിയിലേക്കുമാണ് നീങ്ങുന്നത്.
മരചീനി കിലോയ്ക്ക് പത്തു മുതല്‍ 20 രൂപ വരെയാണ് ഇപ്പോള്‍ വിപണി വില. കര്‍ഷകന് ലഭിക്കുന്നതാകട്ടെ ഇതിനു പകുതിക്കടുത്ത തുകയും. കര്‍ഷകരില്‍നിന്നു മരചീനി വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയുമുണ്ട്. പഞ്ചായത്തിന്റെയും വി.എഫ്.പി.സി.കെയുടെയും നേതൃത്വത്തില്‍ വാഴക്കുലകളും പച്ചക്കറികളും ശേഖരിച്ചു കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നുണ്ടെങ്കിലും മരചീനി കര്‍ഷകരെ ഇക്കാര്യത്തിലും പരിഗണിക്കുന്നില്ല.
വിലത്തകര്‍ച്ച നേരിടാന്‍ മരചീനി സംസ്‌കരണശാല സ്ഥാപിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ റബറിന്റെ അവസ്ഥ തന്നെയാണ് ഇക്കാര്യത്തിലും. മരച്ചീനിയില്‍നിന്ന് കാലിത്തീറ്റ ഉള്‍പ്പെടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാകും. ഇതൊന്നും പരിഗണിക്കുകപോലും ചെയ്യാതെ ഒരു കര്‍ഷക സമൂഹത്തെ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."