ഖത്തര്‍ അമേരിക്കയില്‍ നിന്ന് 36 എഫ് 15 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു
ദോഹ: അമേരിക്കയില്‍ നിന്ന് 36 എഫ് 15 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനു ഖത്തര്‍ കരാര്‍ ഒപ്പിട്ടു. 1200 കോടി ഡോളറാണ് പ്രാഥമിക ചെലവ് പ്രതീക്ഷിക്കുന്നത്. യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഖത്തര്‍ പ്രതിരോധസഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യയുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ അമേരിക്കയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് പെന്റഗണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പുതിയ കരാറിലൂടെ അമേരിക്കയിലെ 42 സംസ്ഥാനങ്ങളിലായി 60,00ത്തോളം പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഡോ. അല്‍അത്തിയ പറഞ്ഞു. അമേരിക്കയിലെ സുഹൃത്തുക്കളുമായും സഖ്യകക്ഷികളുമായുള്ള സംയുക്ത പ്രവര്‍ത്തനത്തില്‍ ഖത്തറിന്റെ ദീര്‍ഘകാല പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ഈ കരാറെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാര്‍ ഖത്തറിന്റെ സുരക്ഷയ്ക്ക് കരുത്തുപകരം. മേഖലയിലും പുറത്തും സുരക്ഷയും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും അക്രമകരമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനും അമേരിക്കയുമായുള്ള തന്ത്രപരമായ സൈനിക സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന് മേലുള്ള ഭാരം കുറയ്ക്കാനും പുതിയ കരാര്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം തുടച്ചുനീക്കാനുള്ള സൈനിക പ്രവര്‍ത്തനങ്ങളില്‍ ഖത്തറും അമേരിക്കയും യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയുമായുള്ള സംയുക്ത സൈനിക സഹകരണം ഖത്തര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിലെ സഹകരണം, ഗള്‍ഫ് രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ജെയിംസ് മാറ്റിസുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിന് 36 എഫ് 15 യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിന് അമേരിക്ക അനുമതി നല്‍കിയതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദീര്‍ഘകാലമായി തടസ്സം നേരിട്ടിരുന്ന കരാറിന് പെന്റഗണും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവും അനുമതി നല്‍കുകയായിരുന്നു. ഖത്തറിന് 36ഉം കുവൈത്തിന് 24ഉം എഫ് 15 യുദ്ധവിമാനങ്ങള്‍ വില്‍പ്പന നടത്തുന്നതിന് നേരത്തെ ധാരണയായിരുന്നു. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനെതിരെ എതിര്‍പ്പുമായി ഇസ്രാഈല്‍ രംഗത്തെത്തിയതിനെത്തുടര്‍ന്ന് കരാര്‍ യാഥാര്‍ഥ്യമാകുന്നത് നീണ്ടുപോകുകയായിരുന്നുവെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."