കേരളത്തിലെ പൊതുവിതരണ രംഗത്ത് വമ്പിച്ച മാറ്റമുണ്ടായി: മന്ത്രി പി. തിലോത്തമന്‍
നെടുമങ്ങാട്: കേരളത്തിലെ പൊതുവിതരണരംഗത്ത് വമ്പിച്ച മാറ്റമുണ്ടായികൊണ്ടിരിക്കുകയാണെന്നും പൊതുവിതരണ ശൃംഖല എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക റേഷന്‍ കടകളാണെന്നും ആ റേഷന്‍ കടകളെ നവീകരിക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
ഇരിഞ്ചയം ജങ്ഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാവേലി സ്റ്റോറിനെ സൂപ്പര്‍ മാര്‍ക്കറ്റായി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു നിലവിലെ സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലയില്‍ ഒരുകാരണത്താലും വില വര്‍ധിപ്പിക്കില്ലാ എന്നത്. രണ്ടര വര്‍ഷക്കാലം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും സര്‍ക്കാര്‍ ആ വാക്ക് പാലിച്ചുകൊണ്ടിരിക്കുകയാണെന്ന്. മാര്‍ക്കറ്റിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഭക്ഷ്യ സാധനങ്ങളുടെ വില കൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. മറിച്ച് കുറയ്ക്കുവാനെ ശ്രമിച്ചിട്ടുള്ളുവെന്നും, അതിനുദാഹരണമാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ വിദൂരങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്ന ഭക്ഷ്യ സാധനങ്ങള്‍ക്ക് കടത്തുകൂലി വര്‍ധിച്ചപ്പോഴും ഈ സര്‍ക്കാര്‍ ഭക്ഷ്യ സാധനങ്ങള്‍ക്ക് വില കൂട്ടാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനായി. നിത്യോപയോഗസാധനങ്ങളുടെ കലവറയാണ് സിവില്‍ സപ്ലൈസെന്നും വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഈ വകുപ്പ് ഇന്ന് കേരളത്തില്‍ മെച്ചപ്പെട്ട രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും, ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റിനെ കൂടുതല്‍ പ്രയോജനപ്പെടുത്തി ഈ സംരഭം വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിലെ ആദ്യ വില്‍പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ നിര്‍വഹിച്ചു. ബി. ബിജു, ലേഖാ വിക്രമന്‍, സുരേഷ്, പാട്ടത്തില്‍ ഷെരീഫ്, പൂവത്തൂര്‍ ജയന്‍, ലേഖാ പി.എസ്, രമാദേവി, ജലജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."