പ്ലാച്ചിമട സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
തിരുവനന്തപുരം: പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചാത്തിലെ പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചര്‍ച്ച ചെയ്തു.
ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ 2011 ഫെബ്രുവരി കേരളനിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമത്തിന് രാഷ്ട്രപതി വളരെ വൈകി 2015 നവംബര്‍ അനുമതി നിഷേധിച്ചതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ യോഗം വിലയിരുത്തി.
സമരസമിതി ഉന്നയിച്ച കാര്യങ്ങളില്‍ നിയമപരമായി ചെയ്യാന്‍ പറ്റുന്നവ പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശവാസികള്‍ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ ദുരിതമനുഭവിക്കുകയാണെന്നും കുടിവെള്ളം പോലും അന്യമാവുകയാണെന്നും സമരസമിതി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.
നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ നിയമ വകുപ്പ് അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, കുടിവെളള സംബന്ധമായ വിഷയങ്ങള്‍ അതത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടിയെടുക്കുമെന്നും നിയമ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിക്ക് കേന്ദ്രസഹായം നിലച്ച പശ്ചാത്തലത്തില്‍ ടെണ്ടര്‍ വിളിച്ചു കഴിഞ്ഞ പ്രവൃത്തികള്‍ നടപ്പിലാക്കുവാന്‍ ധനവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. കുഴല്‍ക്കിണറുകള്‍ ഉപയോഗയോഗ്യമാക്കാന്‍ നിര്‍ദേശം നല്‍കും. 78 കുളങ്ങളുടെ നവീകരണം നടത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരിമുത്തു, സമര സമിതി നേതാക്കളായ വിളയോടി വേണുഗോപാല്‍, എസ്. ബിജു, പുതുശ്ശേരി ശ്രീനിവാസന്‍, ആര്‍. അജയന്‍ പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."