പ്ലാസ്റ്റിക് നിര്‍മാണ കേന്ദ്രത്തിലെ തീപിടുത്തം: സമഗ്ര പരിശോധന നടത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊലിസും ഫയര്‍ഫോഴ്‌സും സമയോചിതമായ രക്ഷാ നടപടികള്‍ സ്വീകരിച്ചതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു. 500ല്‍ പരം തൊഴിലാളികളാണ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഏഴു ഫാക്ടറികളില്‍ രണ്ടെണ്ണമാണ് പൂര്‍ണമായും കത്തി നശിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് ഇതിനോടകം അപകടം സംബന്ധിച്ച പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. ഇവരുടേതുള്‍പ്പെടെ എല്ലാ റിപ്പോര്‍ട്ടുകള്‍ക്കും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ഫാക്ടറി ഉടമകല്‍ക്ക് നിര്‍ദേശം നല്‍കി. പൊതുവേ പരാതിരഹിതമായാണ് ഫാക്ടറി പ്രവര്‍ത്തിച്ചു വന്നിട്ടുള്ളതെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഫാക്ടറി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."