എട്ടു നിലയിലെ അടിപൊളി നിയമപാലനം
അടിപൊളിയും അടിച്ചുപൊളിയുമൊന്നും വെറും ന്യൂജന്‍ വാക്കുകള്‍ മാത്രമല്ല. കാലത്തിന്റെ വിളിയാണ്. മരട് കെട്ടിടങ്ങളും പാലാരിവട്ടം പാലവും സൂചനകളാണ്, സൂചനമാത്രം. ന്യൂജന്‍ കൂട്ടരെയും പാര്‍ട്ടികളെയും വിട്. സുപ്രിം കോടതിയും അടിച്ചുപൊളി ലൈനിലാണ് പോക്ക്.
ഒന്നാലോചിച്ചു നോക്കിയേ... ഏതോ രണ്ടുനില കെട്ടിടം പൊളിക്കുന്ന ലാഘവത്തോടെയല്ലേ മരട് ഭൂമിയിലെ ഫ്‌ളാറ്റുകളെല്ലാം ഫ്‌ളാറ്റാക്കാന്‍ നമ്മള് പുറപ്പെടുന്നത്. ഏതെങ്കിലും കരാറുകാരനെയും നൂറു ബംഗാളികളെയും വിട്ടാല്‍ വൈകുന്നേരമാവുമ്പോഴേക്കും പൊളിച്ചിടാം എന്നാരോ കരാറെടുത്തതായി തോന്നുന്നുണ്ട്. മൊത്തം കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പണി തന്നെ വരും ഒരു മലയോളം. പിന്നെ ഇരുമ്പുകമ്പികളും പലകകളും മറ്റും. മണ്‍വെട്ടിയും വെട്ടുകത്തിയുമെടുത്ത് പൊളിച്ചാല്‍ തീരാന്‍ യുഗങ്ങളെടുക്കും. സംഗതി ബുദ്ധിമുട്ടാണെങ്കില്‍ ഒരു വഴിയുള്ളത് പ്രതിരോധവകുപ്പിന്റെ സേവനം ആവശ്യപ്പെടുകയാണ്. വെരി ഈസി... കിടിലന്‍ ബോംബുകള്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നുണ്ട്. നല്ലതു നോക്കി അഞ്ചെട്ടെണ്ണം യുദ്ധവിമാനം വഴി വിക്ഷേപിച്ചാല്‍ എട്ടുനിലയായാലും പത്തുനിലയായാലും എട്ടുനിലയില്‍ പൊട്ടും. സംഗതി ക്ലീനാകും...
അങ്ങനെ സംഗതി അടിപൊളിയാക്കുമ്പോള്‍ കെട്ടിടത്തിന്റെ തവിടുപൊടിയെല്ലാം പ്രദേശത്ത് വമ്പിച്ച പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നൊരു ദുര്‍വ്യാഖ്യാനം പ്രചരിക്കുന്നുണ്ട്. അതിനെക്കുറിച്ച് കോടതിയോട് ചോദിക്കാന്‍ ഫ്‌ളാറ്റ് മാഫിയയുടെ ശിങ്കിടികളും ചില പരിസ്ഥിതി വക്കീലന്മാരും ഒരുമ്പെടുന്നുണ്ട് എന്നാണ് സംസാരം. കാര്യമില്ല. പൊടിപടലങ്ങളെക്കുറിച്ചോ കരിങ്കല്‍പാളികളെക്കുറിച്ചോ ഒന്നും ഐ.പി.സി, സി.ആര്‍.പി.സി, ബില്‍ഡിങ്ങ് ആക്റ്റ് എന്നിവയിലൊന്നുമില്ല. ഭരണഘടനയില്‍പോലുമില്ല. അതുകൊണ്ട് അതുപറഞ്ഞ് തടസ്സവാദമൊന്നും ഉന്നയിക്കേണ്ട. പൊളിക്കാന്‍ പറഞ്ഞാല്‍ പൊളിക്കണം. പൊടി സംബന്ധിച്ച ഹരജി പിന്നെ ഫയലാക്കിയാല്‍ മതി.
അതിനിടെ ഒരു കാര്യം വിട്ടുപോയി. ഈ ഫ്‌ളാറ്റ് കെട്ടിടങ്ങളില്‍ കുറെ മനുഷ്യര്‍ താമസിക്കുന്നുണ്ടത്രെ. എന്തോ, കോടതിയില്‍ ഹാജരാക്കിയ കടലാസുകളില്‍ ഒന്നും താമസക്കാരുടെ പേരില്ല. താമസക്കാരൊന്നും കേസില്‍ കക്ഷികളല്ല. അപ്പോള്‍ പിന്നെ വിധിയില്‍ അവരെ എന്താക്കണം എന്നു കൃത്യമായി പറയാഞ്ഞതില്‍ തെറ്റില്ല. ഇനി അങ്ങനെ കുറേ ആളുകള്‍ അതിലുണ്ടെന്നു തന്നെ വെക്കുക. പൊളിക്കുന്ന സമയത്ത് അവരോട് പുറത്തിറങ്ങി നില്‍ക്കാന്‍ പറഞ്ഞാല്‍ പോരെ?. സുപ്രിം കോടതി പറഞ്ഞിട്ടു പൊളിക്കുകയാണ് എന്നു അറിയിച്ചാല്‍ അവര്‍ അനുസരിക്കാതിരിക്കില്ല. അല്ലെങ്കിലും സുപ്രിം കോടതിയെ അനുസരിക്കാതിരിക്കാന്‍ നമുക്ക് പറ്റില്ലല്ലോ. മരട് ശബരിമലയല്ലല്ലോ.
ഇക്കാര്യം സംബന്ധിച്ച് കേരളത്തിലെ ഇടതുമുന്നണി ഏകോപനസമിതി കണ്‍വീനര്‍ എ. വിജയരാഘവനോട് ഒരു കണ്‍സള്‍ട്ടേഷന്‍ നടത്തുന്നത് പ്രയോജനപ്രദമായിരിക്കും. 'കോടതിവിധി യാന്ത്രികമായി നടപ്പാക്കാന്‍ പറ്റില്ല. മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള വിധി അവിടെ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം നടപ്പാക്കണമെന്നാണ് തങ്ങളുടെ നയം', അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. പൊതുവെ വിവരദോഷികളായ ലേഖകന്മാരില്‍ ചിലര്‍ക്ക് ഇതിന്റെ അര്‍ഥം പിടികിട്ടിയില്ല. എങ്ങനെയാണ് പൊളിക്കുക എന്നവര്‍ ചോദിച്ചപ്പോള്‍ കണ്‍വീനര്‍ കൃത്യമായ മറുപടി പറഞ്ഞു.'അതാണ് തങ്ങള്‍ പരിശോധിക്കുന്നത്!!' പരിശോധിച്ചാല്‍ കണ്ടെത്താതിരിക്കില്ല. കുന്തം പോയാല്‍ കുടത്തിലും തപ്പണം. താമസക്കാരുടെ രോമത്തിനു കേടു പറ്റാതെ കെട്ടിടം പൊളിക്കുന്ന യന്ത്രം കണ്ടെത്തുകയാണെങ്കില്‍ വിവരം മാധ്യമദ്വാരാ അറിയിക്കുമായിരിക്കും. പൊളിയന്മാര്‍ ശ്രദ്ധിച്ചോണം.
വളരെ പ്രായോഗികമതികളും കുബുദ്ധിജീവികളുമാണല്ലോ നമ്മുടെ നേതാക്കള്‍. ശബരിമലവിധിയും ഇതുപോലൊരു കുടുക്കുമസാല വിധിയായിരുന്നു. അന്നും ഭരണകൂടം ഇതേ സമീപനമാണ് സ്വീകരിച്ചത്. കോടതിവിധിയും തള്ളാന്‍ പറ്റില്ല, വിശ്വാസികളെയും തള്ളാന്‍ പറ്റില്ല. പക്ഷേ, യാന്ത്രികമായി നടപ്പാക്കാന്‍ പറ്റില്ല. എന്തേയ്... യാന്ത്രികമായി നടപ്പാക്കാന്‍ പറ്റില്ലാന്ന്. അതെന്താണ് കുന്ത്രാണ്ടം എന്നു ചോദിക്കരുത്. ശബരിമലയില്‍ കണ്ടതുതന്നെ. ആചാരാനുഷ്ഠാനങ്ങളെല്ലാം പാലിച്ച് വന്ന വനിതാതീര്‍ഥാടകരെ അങ്ങോട്ട് കയറാന്‍ സമ്മതിച്ചില്ല. പകരം, നല്ല ഒന്നാന്തരം അവിശ്വാസിനികളെ ഉടുക്കുവഴികളിലൂടെ നാലാള്‍ കാണാതെ കയറ്റുകയും ചെയ്തു. കോടതിവിധി നടപ്പാക്കിയോ എന്നു ചോദിച്ചാല്‍ നടപ്പാക്കി എന്നുതന്നെ ഉത്തരം. യാന്ത്രികമായി നടപ്പാക്കിയോ എന്നു ചോദിച്ചാല്‍ ഇല്ല, യന്ത്രങ്ങളൊന്നും ഉപയോഗിച്ചില്ല എന്നുത്തരം. കൂടുതല്‍ വിവരങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇടതുമുന്നണി കണ്‍വീനറും യാന്ത്രിക ബുദ്ധിജീവിയുമായ എ.വിജയരാഘവനുമായി ബന്ധപ്പെടുക.
മരടിലേക്കു മടങ്ങാം. കോടതിയുടെ ഈ പൊളിപ്പന്‍ പരിപാടി രാജ്യവികസനത്തില്‍ അടിയുറച്ചുവിശ്വസിക്കുന്ന ചില മഹാത്മാക്കള്‍ക്ക് ഒട്ടും രുചിച്ചിട്ടില്ല. കോടതിയെന്തിനു പൊളിക്കാന്‍ പുറപ്പെടുന്നു എന്നതാണ് അവരുടെ ചോദ്യം. ഓവര്‍സ്പീഡില്‍ വണ്ടിയോടിച്ചാല്‍ വണ്ടി പൊളിച്ചുകളയുന്നുണ്ടോ ഒരു പിഴ ഈടാക്കുന്നല്ലേ ഉള്ളൂ. അതുതന്നെ യാന്ത്രികമായൊന്നും നടപ്പാക്കില്ല. കൂടിപ്പോയെന്നു തോന്നിയാല്‍ ഉടനെ സംസ്ഥാനസര്‍ക്കാരുകളും മറ്റും ഇടപെട്ടു കുറപ്പിച്ചോളും. അതുപോലെയാണ് പരിസ്ഥിതി നിയമലംഘനത്തിന്റെയും കാര്യം. അനധികൃതനിര്‍മിതി പൊളിക്കണം എന്നു പറഞ്ഞാല്‍ അതു യാന്ത്രികമായിപ്പോകും. നല്ല തുക പിഴ മതി. അതുതന്നെ വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു കുറപ്പിക്കാം.
അതിനിടയില്‍ കുറെ മണ്ടന്മാര്‍ വേറെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. മുന്‍സിഫ് കോടതി മുതല്‍ സുപ്രിം കോടതി വരെയും കാക്കത്തൊള്ളായിരം കമ്മിഷനുകളും ഉദ്യോഗസ്ഥരുമെല്ലാം കണ്ണുമിഴിച്ച് നോക്കിനില്‍ക്കെ എങ്ങനെയാണ് ഈ കെട്ടിടങ്ങളെല്ലാം ഉയര്‍ന്നു വന്നത് എന്നതാണ് ആ ചോദ്യം.
കെട്ടിടം പണിയുമ്പോള്‍ അവര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മറച്ചാണ് പണി ചെയ്തിരുന്നത്,അതുകൊണ്ടൊന്നും കണ്ടില്ല എന്നു പറയരുത്. നിയമലംഘനമാണ്, തടയണം, പൊളിക്കണം എന്നെല്ലാമുള്ള തര്‍ക്കങ്ങള്‍ സര്‍ക്കാരിലും കോടതിയിലും നടക്കുമ്പോള്‍ ആരുംകാണാതെ കൊണ്ടുവന്നു നാട്ടിയതല്ല കെട്ടിടങ്ങള്‍. സകലമാന പെര്‍മിറ്റുകളും ലൈസന്‍സുകളും വാങ്ങി വര്‍ഷങ്ങളെടുത്ത് പടിപടിയായാണ് പണിതത്. പണി തീര്‍ന്നപ്പോഴാണ്, ശരി ഇനി നമുക്ക് പൊളി തുടങ്ങാം എന്നു തീര്‍പ്പായത്. ഈ കൊടുംപാതകത്തിന് ആരെല്ലാമാണ് ഉത്തരവാദികളെന്ന് ആരും തിരക്കരുത്. വിശുദ്ധപശുക്കള്‍ നിരവധി ലിസ്റ്റിലുണ്ടാകും. പറഞ്ഞാല്‍ പറഞ്ഞവന്‍ കുടുങ്ങും. മൗനം വിദ്വാന് ഭൂഷണം. നിങ്ങളായി നിങ്ങടെ പാടായി....
വ്യാകരണം വിട്ട് കളിയില്ല
കാര്യക്ഷമമായ വിദ്യ അഭ്യാസത്തിന്റെ പേരില്‍ ലോകപ്രശസ്തി നേടിയ ദ യൂനിവേഴ്‌സിറ്റി കോളജില്‍ ദ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ദ കാന്‍ഡിഡേറ്റ്‌സില്‍ ചിലര്‍ ദ നോമിനേഷന്‍ പേപ്പറില്‍ സ്ഥാനങ്ങളുടെ പേരിനു മുന്നില്‍ ദ ചേര്‍ക്കാതിരുന്നത് ആരെന്തൊക്കെ പറഞ്ഞാലും ഗുരുത്വദോഷം തന്നെയാണ്. ഇത്ര കഷ്ടപ്പെട്ട് ഭാഷയും വ്യാകരണവുമെല്ലാം പഠിപ്പിച്ചിട്ടും അവര്‍ അങ്ങനെ ചെയ്തല്ലോ എന്നോര്‍ത്ത് സങ്കടം സഹിക്കാതെയാവണം ആ വ്യാകരണമൗലികവാദി പത്രിക തള്ളിയത്. അതു ക്ഷമിക്കാവുന്ന കുറ്റം മാത്രമാണ്. ആത്മാര്‍ഥത കൂടിപ്പോയതുകൊണ്ട് ചെയ്തതാണ്. ആരുടെയെങ്കിലും പത്രിക തള്ളിച്ച് ദ ഇലക്ഷന്‍ ഫലത്തെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യമൊന്നും അവര്‍ക്കുണ്ടാകാനിടയില്ല. അതിനുള്ള പണി ചെയ്യാന്‍ മിടുക്കന്മാര്‍ വേറെയുണ്ട്. വന്ദ്യഗുരുക്കന്മാരെക്കൊണ്ട് അതൊന്നും ചെയ്യിക്കയില്ല.
ഇത്രയും സംഭവിച്ചുകഴിഞ്ഞപ്പോള്‍ ഇനി ദ ഇല്ലെങ്കിലും കുഴപ്പമില്ല എന്നു വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതായൊന്നും ദ സറ്റുഡന്റ്‌സ് ധരിച്ചേക്കരുതേ. എവിടെയെല്ലാം വയ്ക്കണമെന്നു ക്ലാസില്‍ പറഞ്ഞുവോ അവിടെയെല്ലാം വച്ചിരിക്കണം. നൊ എക്‌സ്‌ക്യൂസസ്...
മുനവാക്ക്
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം മൗലികാവകാശം. അതു നിഷേധിക്കാനാവില്ല എന്നു കോടതി.
കറക്റ്റ്. പക്ഷേ, അതു കശ്മിര്‍ താഴ്‌വരയിലുള്ളവര്‍ക്ക് ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."