കുഴപ്പം പന്തിന്റെയല്ല, മാനേജ്‌മെന്റിന്റേത്: ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഋഷഭ് പന്തിനെ അനുകൂലിച്ച്, അതേസമയം, ബി.സി.സി.ഐക്കെതിരേ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. പന്തിന്റെ മോശം പ്രകടനത്തിന് ടീം മാനേജ്‌മെന്റാണ് കാരണക്കാരെന്നാണ് ഗംഭീറിന്റെ പ്രസ്താവന.
വ്യക്തിപരമായി സഞ്ജു സാംസണാണ് മുന്‍തൂക്കം നല്‍കുന്നതെങ്കിലും പന്തിനോടുള്ള മാനേജ്‌മെന്റിന്റെ നിലപാട് ശരിയല്ല. പന്തിനെ വേദനിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് അവര്‍ നടത്തുന്നത്. അവന്‍ അശ്രദ്ധയുള്ള ബാറ്റ്‌സ്മാനാണെന്നും ഇനിയും നന്നായി കളിച്ചില്ലെങ്കില്‍ പുറത്തിരുത്തുമെന്നുമൊക്കെ ഭീഷണിപ്പെടുത്തുന്നു.
ഇങ്ങനെയാണോ ഒരു യുവതാരത്തോട് പെരുമാറേണ്ടത്. ഇത് താരത്തെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് നയിക്കുകയേ ഉള്ളൂ. എല്ലാ വശങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദങ്ങള്‍ കാരണം പന്ത് റണ്‍സ് കണ്ടെത്തുക എന്നതിലുപരി നിലനില്‍പ്പിനു വേണ്ടി മാത്രം കളിക്കേണ്ടി വരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ കുറിപ്പില്‍ ഗംഭീര്‍ വക്തമാക്കി.
ഈ സമയം പന്തിനോട് സൗഹൃദത്തോടെ സംസാരിക്കണം, ആ താരത്തിന്റെ തോളില്‍ തട്ടി 'നിന്നെ ഇന്ത്യന്‍ ടീമിനു വേണം' എന്നു പറയുകയാണ് വേണ്ടതെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ അരങ്ങേറ്റ മത്സരങ്ങളില്‍ മികച്ച ഫോം കണ്ടെത്തിയതോടെ ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ സെലക്ടര്‍മാരും ആരാധകരും പ്രതിഷ്ഠിച്ച താരമാണ് പന്ത്. പക്ഷേ, ഈയിടെയായി അനാവശ്യ ഷോട്ടുകള്‍ കളിച്ച് ചെറിയ റണ്‍സില്‍ അവസാനിക്കുന്ന താരത്തിന്റെ ഇന്നിങ്‌സാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ഇത് തുടരെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."