ഫെഡറേഷന്‍ കപ്പ് വോളിയില്‍ കോഴിക്കോടന്‍ സ്മാഷ്
കോഴിക്കോട്: വോളിബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്‍ക്ക് അഭിമാനത്തിന് വകനല്‍കി ഫെഡറേഷന്‍ കപ്പ് വോളിയില്‍ കോഴിക്കോടന്‍ താരങ്ങള്‍. ഇന്നലെ ഫെഡറേഷന്‍ കപ്പ് സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിനായി കേരള ടീം പഞ്ചാബിലേക്ക് യാത്രപുറപ്പെട്ടപ്പോള്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി കോഴിക്കോട്ടുനിന്ന് ഇടം പിടിച്ചത് 11 താരങ്ങള്‍.
മുഖ്യ പരിശീലകരായ റസാഖിന്റെയും സദാനന്ദന്റെയും നേതൃത്വത്തിലാണ് ഇവര്‍ കപ്പിനായി തിരുവനന്തപുരത്ത്‌നിന്ന് ജലന്ധറിലേക്ക് വണ്ടി കയറിയത്. ചാംപ്യന്‍ഷിപ്പിലെ ഒഫീഷ്യല്‍ അംഗത്തില്‍ ഒരാളുമുണ്ട് കോഴിക്കോട്ടുനിന്ന്. 27 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ചാംപ്യന്‍ഷിപ്പ്. ഇതില്‍ പുരുഷ-വനിതാ ടീം ക്യാപ്റ്റന്‍മാരായ ജിതിനും രേഖയും ജില്ലയിലെ താരങ്ങള്‍. ഇവരോടൊപ്പം രതീഷ്, അബ്ദുല്‍ റഹീം എന്നിവര്‍ പുരുഷ ടീമിലും ഫാത്തിമ റുക്‌സാന, അശ്വതി, ശ്രുതി, അനുശ്രി, ശരണ്യ തുടങ്ങിയവര്‍ വനിതാ ടീമിലും പോരിനിറങ്ങും. പുരുഷ ടീമിന്റെ അസി. കോച്ചായി അബ്ദുല്‍ നാസറും വനിതാ ടീം മാനേജറായി സുജാതയും ടീമിനൊപ്പമുണ്ട്.
എല്ലാവരും കോഴിക്കോടിന്റെ മണ്ണില്‍നിന്ന് കളിയുടെ തന്ത്രങ്ങള്‍ പഠിച്ചവര്‍. 2017ലെ ഫെഡറേഷന്‍ കപ്പില്‍ കേരളത്തിന്റെ വിജയത്തില്‍ മുഖ്യപങ്കുവഹിച്ച കളിക്കാരനാണ് ജിതിന്‍. നാലു വര്‍ഷം കോഴിക്കോട് സായി ടീം അംഗമായിരുന്നു. ഇപ്പോള്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ സ്‌പോര്‍ട്‌സ് ഓഫിസറായി ജോലി ചെയ്യുന്നു. അഞ്ചു വര്‍ഷം സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ടീമില്‍ സെറ്ററായി കളിക്കുന്നു. കാക്കഞ്ചേരി കിന്‍ഫ്രയില്‍ അസി. ഓഫിസറായ രതീഷാണ് ടീമിലെ ലിബറോ. 10 വര്‍ഷമായി ദേശീയ ചാംപ്യന്‍ഷിപ്പില്‍ കളിക്കുന്നു. കേരളത്തിലെ എല്ലാ വകുപ്പിലും അതിഥിയായി കളിച്ചിട്ടുണ്ട്. എതിരാളികളുടെ ശക്തമായ സര്‍വിസും സ്മാഷും നിഷ്പ്രയാസം പാസാക്കി മാറ്റാന്‍ കെല്‍പ്പുള്ള താരം. കൊച്ചിന്‍ കസ്റ്റംസില്‍ ക്ലര്‍ക്കായി സേവനമനുഷ്ഠിക്കുന്ന അബ്ദുല്‍ റഹീമാണ് ടീമിലെ മറ്റൊരാള്‍.
ടീമിലെ പുതുമുഖമാണ് റഹീം. ഇവരടങ്ങിയ പുരുഷ ടീമിന്റെ അസി. കോച്ചാണ് അബ്ദുല്‍ നാസര്‍. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ എക്കൗണ്ടന്റായി ജോലി ചെയ്യുന്ന നാസര്‍ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിക്കും കേരളത്തിനും വേണ്ടി കളിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീമിന്റെ കോച്ചായിരുന്നു.
ദക്ഷിണ കൊറിയയില്‍ അടുത്തു നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ടീമിനെ നയിച്ചത് രേഖയായിരുന്നു. വൈദ്യുതി ബോര്‍ഡില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന രേഖ ടീമിലെ മികച്ചൊരു അറ്റാക്കറാണ്. ചെന്നൈയില്‍ നടന്ന സീനിയര്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ച ഫാത്തിമ റുക്‌സാന, അശ്വതി, ശ്രുതി, അനുശ്രീ, തുടങ്ങിയവരും വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരാണ്. ഇവരെ കൂടാതെ കേരളാ പൊലിസില്‍ ജോലി ചെയ്യുന്ന ശരണ്യയും ടീമിലെ മികച്ച താരമാണ്. കോഴിക്കോട് ജില്ലയിലെ ഏളേറ്റില്‍ വട്ടോളി യു.പി സ്‌കൂളില്‍ കായികാധ്യാപികയായി ജോലി ചെയ്യുന്ന സുജാതയാണ് ടീമിന്റെ മാനേജര്‍. ടീം ഒഫീഷ്യലായി കോഴിക്കോട്ടുനിന്ന് കെ.കെ മുസ്തഫയും കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."