നെയ്മര്‍ മികവില്‍ പി.എസ്.ജി
ലിയോണ്‍: ഫ്രഞ്ച് ലീഗില്‍ വീണ്ടും പി.എസ്.ജിയുടെ രക്ഷകനായി അവതരിച്ച്, വിമര്‍ശകരുടെ വായടപ്പിച്ച് ജൂനിയര്‍ നെയ്മര്‍. ലിയോണിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സന്ദര്‍ശകരുടെ ജയം.
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് നെയ്മര്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പി.എസ്.ജിയുടെ രക്ഷകനാവുന്നത്. നേരത്തേ അവസാന ലീഗ് മത്സരത്തില്‍ സ്ട്രാസ്ബര്ഗിനെതിരേ അവസാന മിനുട്ടില്‍ തന്റെ ബൈസിക്കിള്‍ ഗോളിലൂടെയാണ് നെയ്മര്‍ തിരിച്ചുവരവ് ഗംഭീരമാക്കിയത്.
ജയത്തോടെ പി.എസ്.ജി ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആറ് കളികളില്‍നിന്ന് അഞ്ച് ജയമടക്കം 15 പോയിന്റാണ് ടീമിനുള്ളത്. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങവേ മൂന്ന് മിനുട്ടിപ്പുറം ഗോളടിച്ചാണ് നെയ്മര്‍ പി.എസ്.ജിക്ക് വിജയാഘോഷമൊരുക്കിയത്.
ചാംപ്യന്‍സ് ലീഗില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പി.എസ്.ജി പട ലിയോണിനെതിരേ ഇറങ്ങിയത്. നാല് മാറ്റങ്ങളാണ് പരിശീലകന് തോമസ് ടുച്ചെല്‍ പാരിസ് ടീമില്‍ കൊണ്ടുവന്നത്. പരുക്കേറ്റ മൗറോ ഇക്കാര്‍ഡി, പാബ്ലോ സെറാബിയ എന്നിവര്‍ക്ക് പുറമേ പ്രെസ്നല്‍ കിംപെംബെ, മാര്‍ക്കോ വെറാറ്റി എന്നിവരേയും പുറത്തിരുത്തി നെയ്മര്‍, ആന്ദേര് ഹെരേര, എറിക് മാക്സിം ചോപോ, അബ്ദു ദിയാലോ താരങ്ങള്‍ക്ക് അവസരം നല്കി.
കളി തുടങ്ങിയതു മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ പി.എസ്.ജിക്ക് തടസമായായത് പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ആന്റണി ലോപ്പസിന്റെ ഉഗ്രന്‍ സേവുകളായിരുന്നു. പി.എസ്.ജി താരങ്ങള്‍ തൊടുത്തുവിട്ട ഏഴെണ്ണത്തില്‍ ആറും തടഞ്ഞിട്ട ലോപ്പസാണ് ലിയോണിനെ പൊരുതാന്‍ സഹായിച്ചത്. പക്ഷേ, ഒടുവില്‍ നെയ്മറിന്റെ ഗോള്‍ പി.എസ്.ജിക്ക് ആവേശജയം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."