പാണാവള്ളി പഞ്ചായത്തിലെ സേവനങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക്
ആലപ്പുഴ: രാജ്യാന്തര നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഓഫിസായി പാണാവള്ളി ഗ്രാമപഞ്ചായത്ത് മാറി. ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ മികച്ച ഗുണമേന്മയുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയ ഐ.എസ്.ഒ. 9001-2015 സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തിന് ലഭിച്ചു.
ഭരണരംഗത്ത് സുതാര്യവും സമയബന്ധിതവുമായ സേവനങ്ങള്‍ പൊതുജനങ്ങളുടെ സംതൃപ്തി ഉറപ്പ് വരുത്തുന്ന ഗുണമേന്മ നയത്തിന് ലഭിച്ച അംഗീകാരമാണിത്. പാണാവള്ളി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഐ.എസ്.ഒ പ്രഖ്യാപനവും, പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫിസ് ഉദ്ഘാടനവും, സാറ്റലൈറ്റ് മാപ്പ് പ്രകാശനവും നിര്‍വഹിച്ചു. സംസ്ഥാനത്ത് തന്നെ മാതൃകയായ സാറ്റലൈറ്റ് മാപ്പിങ് ഉള്‍പ്പടെ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ചുരുക്കം ചില പഞ്ചായത്തുകളില്‍ ഒന്നാണ് പാണവള്ളി പഞ്ചായത്ത്. പഞ്ചായത്ത് ഓഫിസിനുള്ളില്‍ കൃത്യമായ റെക്കോര്‍ഡ് മുറി, ഇരിപ്പിടം, ഫീഡിങ് റൂം, കുടിവെള്ളം, ആധുനിക സൗകര്യങ്ങളോടു കൂടിയ ഫ്രണ്ട് ഓഫിസ് എന്നിവ ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നാണ് പഞ്ചായത്ത് ഓഫിസിനെ ഈ ഭരണ സമിതി അധികാരത്തില്‍ എത്തിയ ശേഷം ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ പറഞ്ഞു. എ.എം.ആരിഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ്, ജില്ല പഞ്ചായത്ത് അംഗം പി.എം പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ സത്യന്‍, ജനപ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."