മാറാക്കര വില്ലേജില്‍ 15 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കി
പുത്തനത്താണി: മാറാക്കര പഞ്ചായത്തിലെ മാറാക്കര വില്ലേജില്‍ 15 കുടുംബങ്ങളുടെ ഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട കൈവശാവകാശ രേഖയുടെ വിതരണം പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. തിരൂര്‍ താലൂക്കില്‍ മാറാക്കര വില്ലേജില്‍ റീ സര്‍വേ നമ്പര്‍ 3081ല്‍ പെട്ട 3.27 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കുന്ന സമയത്ത് കൈവശം വച്ചിരുന്ന 15 കുടുംബങ്ങള്‍ക്ക് കേരള ഭൂപരിഷ്‌കരണ (സീലിങ്ങ്) റൂളിലെ 29-ാം റൂള്‍ പ്രകാരം ഭൂമി പതിച്ചു നല്‍കുന്നതിനുള്ള ഫോറം18 ന്റെ വിതരണമാണ് ഇന്നലെ എം.എല്‍.എ കാടാമ്പുഴ എ.സി നിരപ്പില്‍ നിര്‍വഹിച്ചത്.
ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് നിരവധി കുടുംബങ്ങള്‍ക്കാശ്വാസമായി ഭൂമി പതിച്ച് നല്‍കുന്നതിന് റവന്യൂ വകുപ്പില്‍ നിന്നും കഴിഞ്ഞ ഏപ്രിലില്‍ ഉത്തരവായത്. തിരൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ സി.ആര്‍ 981973 നമ്പര്‍ മിച്ച ഭൂമി കേസില്‍ 28-9-2010 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജില്‍ മിച്ച ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവാകുകയും 22-7-2011 ല്‍ പ്രസ്തുത ഭൂമി അന്യ കൈവശത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൈവശം വെച്ചിരുന്നവര്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പില്‍ നടപടികളൊന്നും ആവാത്തതിനെ തുടര്‍ന്ന് ഒടുവില്‍ വാര്‍ഡ് മെമ്പര്‍ സലീം എം.എല്‍.എ യുടെ ശ്രദ്ധയില്‍ പെടുത്തുകയും എം.എല്‍.എ യുടെ നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് കാര്യങ്ങള്‍ വേഗത്തിലാക്കി സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് ഭൂമി പതിച്ചു നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എ മുഖേനെ കലക്ടറോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗ്ഗീസ് മംഗലം കാര്യങ്ങള്‍ വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍ വഹീദാ ബാനു, മെമ്പര്‍മാരായ സലീം എം.പി, കെ.പി നാരായണന്‍, കെ.ടി ബുഷ്‌റ, കെ.പി സുരേന്ദ്രന്‍, ഒ.കെ സുബൈര്‍, എം.ഹംസ മാസ്റ്റര്‍, എം.ജയരാജ്, മാറാക്കര വില്ലേജ് ഓഫീസര്‍ കെ.അജികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."