ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ: മുസ്‌ലിംലീഗ് പ്രതിഷേധസംഗമം നാളെ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ 25ന് നടക്കുന്ന പ്രതിഷേധ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ജന്ദര്‍ മന്ദിറില്‍ രാവിലെ 11ന് പ്രതിഷേധ സംഗമം തുടങ്ങും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കശ്മീര്‍, മുത്വലാഖ്, യു. എ. പി.എ നിയമ ഭേദഗതി തുടങ്ങിയവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ആശങ്കകള്‍, അസം പൗരത്വ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളുയര്‍ത്തിയാണ് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ജാര്‍ഖണ്ഡില്‍ സംഘ് പരിവാര്‍ ആള്‍ക്കൂട്ട ഭീകരതയുടെ ഇരയായി കൊല്ലപ്പെട്ട തബ് റേസ് അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്‍വീണ്‍, തടവറയില്‍ കഴിയുന്ന ഗുജറാത്ത് ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, ഖാദി നാഖിബ് അഹമ്മദ് (അസാം), കത്‌വ കേസിലെ അഭിഭാഷകന്‍ അഡ്വ.മുബീന്‍ ഫാറൂഖി തുടങ്ങി ഫാസിസ്റ്റ് വാഴ്ചയുടെ ഇരകളും നിയമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."