ജസ്റ്റിസ് അഖില്‍ ഖുറേശിയുടെ നിയമനം: ഹരജി സുപ്രിംകോടതി മരവിപ്പിച്ചു
ന്യൂഡല്‍ഹി: ജസ്റ്റിസ് അഖില്‍ ഖുറേശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയം തീരുമാനം നടപ്പാക്കാത്തതിനെതിരായ ഹരജി സുപ്രിം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ഖുറേശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ഉത്തരവ് മാറ്റി ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ തന്നെ ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണിത്.
ശുപാര്‍ശ നടപ്പാക്കി വിജ്ഞാപനമിറക്കാന്‍ കേന്ദ്രത്തിന് സമയം നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജുഡീഷ്യറിയുടെ നിയമനം പോലുള്ള ഭരണപരമായ കാര്യങ്ങളില്‍ മുന്‍വിധിയോ ഇടപെടലുകളോ ഇല്ലാതെ മുന്നോട്ടുപോകുകയാണ് അഭികാമ്യമെന്നും കോടതി വ്യക്തമാക്കി.
കൊളീജിയം തീരുമാനം നടപ്പാക്കാത്ത കേന്ദ്രത്തിനെതിരേ ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് സുപ്രിം കോടതിയെ സമീപിച്ചത്. പുതിയ സാഹചര്യത്തില്‍ ഹരജി താല്‍ക്കാലികമായി മരവിപ്പിക്കാമെന്ന് അസോസിയേഷന് അഭിഭാഷകന് അരവിന്ദ് ദത്താര്‍ സുപ്രിം കോടതിയെ അറിയിക്കുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."