ഒന്നരക്കോടി ചെലവഴിച്ച് നിര്‍മിച്ച ക്ലാസ് മുറികള്‍ ഒരു മാസത്തിനകം തകര്‍ന്നു
മുക്കം: ഒന്നരക്കോടി രൂപ മുടക്കി നിര്‍മിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്ത ക്ലാസ് മുറികള്‍ ഒരു മാസത്തിനകം പൊളിഞ്ഞു. കുന്ദമംഗലം മണ്ഡലത്തില്‍ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത ആര്.ഇ.സി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിനായി നിര്‍മിച്ച കെട്ടിടത്തിലെ ക്ലാസ് മുറികളാണ് തകര്‍ന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ സഹായത്തോടെയാണ് കെട്ടിടം പണിതത്. അതിലെ ക്ലാസ് മുറികളുടെ അടിഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു.
നാല് ക്ലാസ് മുറികളും ഒരു ഹാളും നിര്‍മിച്ചതില്‍ രണ്ട് ക്ലാസ് മുറികളിലെ ടൈലുകള്‍ അടിഭാഗത്തേക്ക് താഴ്ന്നുപോ. മലപ്പുറം സ്വദേശിയാണ് കെട്ടിട നിര്‍മാണ കരാറെടുത്തിരുന്നത്. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കരാറുകാരനെ രക്ഷിക്കുന്നതിനായി അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്കൂള്‍ അധികൃതര്‍ പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് പരാതി നല്‍കിയെങ്കിലും ഗൗരവമായി പരിഗണിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിന് സ്ഥാപന മേധാവിയോ പി.ടി.എ പ്രസിഡന്റോ എസ്.എം.സി ചെയര്‍മാനോ ഇതുവരെ തയാറായിട്ടില്ല. അതിനിടെ പൊളിഞ്ഞ ഭാഗം അറ്റകുറ്റപണികള്‍ നടത്തുന്നതിന് തിരക്കിട്ട ശ്രമം നടക്കുന്നുണ്ട്. ഇവിടുത്തെ ടൈലുകള്‍ പൊളിച്ചുമാറ്റി പുതിയത് വിരിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.
കെട്ടിടത്തിന്റെ രണ്ടാം നില ഉപയോഗിക്കാനിരിക്കേ അതിന്റെ ഉറപ്പിനെ സംബന്ധിച്ചും രക്ഷിതാക്കളും നാട്ടുകാരും ആശങ്കാകുലരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."