എസ്.എഫ്.ഐക്ക് എതിരെ കൊല്ലത്ത് എസ്.എന്‍.ഡി.പി യൂനിയനുകളുടെ പ്രതിഷേധം
എസ്.എന്‍ കോളജിനെ തകര്‍ക്കാന്‍ ശ്രമം
കൊല്ലം: കൊല്ലം എസ്.എന്‍ കോളജിനെ തകര്‍ക്കാന്‍ എസ്.എഫ്.ഐ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധവുമായി ജില്ലയിലെ എസ്.എന്‍.ഡി.പി യൂനിയന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഇന്ന് കോളജ് സംരക്ഷണ മാര്‍ച്ച് നടത്തുന്നു. രാവിലെ 9.30ന് യോഗം കേന്ദ്ര ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ശാരദാമഠം,ചിന്നക്കട വഴി എസ്.എന്‍ കോളജിന് മുന്നില്‍ സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ യോഗം ചേര്‍ന്നു. കോളജിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് വരുന്ന തിരഞ്ഞെടുപ്പുകളിലടക്കം ശക്തമായ തിരിച്ചടി കിട്ടുന്ന പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ജില്ലയിലെ എസ്.എന്‍.ഡി.പി യൂനിയനുകളില്‍ നിന്നുള്ള നൂറുകണക്കിന് യോഗം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് കോളജ് സംരക്ഷണ മാര്‍ച്ച് നടത്തിയത്.
തുടര്‍ന്ന് യൂനിയന്‍ തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ശാഖാ തലത്തില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് എസ്.എന്‍ കോളജില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ വിശദീകരിക്കും.
കോളജിന്റെ അക്കാദമിക മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് എസ്.എഫ്.ഐ കുറച്ച് കാലമായി നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നാക്കിന്റെ എ ഗ്രേഡ് ജില്ലയില്‍ ഇപ്പോള്‍ കൊല്ലം എസ്.എന്‍ കോളജിന് മാത്രമാണുള്ളത്. നാക്കിന്റെ പരിശോധനാ സംഘം വീണ്ടും വരാനിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഹാജരും കോളജിന്റെ അച്ചടക്കവും മികച്ച ഗ്രേഡ് ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്. ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാലെ കോളജിന്റെ വികസനത്തിന് യു.ജി.സിയുടെ ഫണ്ട് ലഭിക്കുകയുള്ളു. ഇത് നഷ്ടമാക്കുകയാണ് അക്രമികളുടെ ലക്ഷ്യം. പ്രിന്‍സിപ്പിലിന് നേരെ അസഭ്യവര്‍ഷം നടത്തുക, അനുവാദമില്ലാതെ ക്ലാസ് മുറികളില്‍ കയറി വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് പുറത്തിറക്കുക, ഗേറ്റ് തല്ലിപ്പൊളിക്കുക ഇങ്ങനെ അക്രമപരമ്പരകള്‍ നീളുന്നു.
സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് എസ്.എഫ്.ഐ അതിക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നത്. ഒരുവട്ടം അച്ചടക്ക നടപടി സ്വീകരിച്ചപ്പോള്‍ നിരുപാധികം മാപ്പെഴുതി നല്‍കിയവര്‍ വീണ്ടും അതിക്രമങ്ങള്‍ തുടരുകയാണ്. നഗരത്തിലെ മറ്റ് കോളജുകളിലെല്ലാം ക്ലാസ് തുടങ്ങുമ്പോള്‍ ഗേറ്റ് അടയ്ക്കും. കൊല്ലം എസ്.എന്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ അര മണിക്കൂര്‍ കൂടി അധികം നല്‍കുന്നുണ്ട്. പിന്നീടെത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുമ്പോള്‍ പ്രവേശിപ്പിക്കുന്നുണ്ട്. കോളേജില്‍ പ്രവേശിക്കാന്‍ കഴിയാത്ത പുറത്തുള്ളവരാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും നേതാക്കള്‍ പറഞ്ഞു. എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരെ ഇടതു അധ്യാപക സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. മുന്‍ എസ്.എഫ്.ഐ നേതാവാണ് പ്രിന്‍സിപ്പല്‍. കോളജിന് മേലുള്ള കടന്നുകയറ്റത്തെ കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ മാനേജ്‌മെന്റിന് കഴിയില്ല. വിദ്യാര്‍ര്‍ഥികള്‍ അല്ലാത്തവര്‍ എന്തിന് കോളജില്‍ എത്തുന്നുവെന്ന് നേതാക്കള്‍ ചോദിച്ചു. കോളജ് വിദ്യാര്‍ഥികള്‍ അല്ലാത്തവരാണ് അവിടെ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. നേരത്തേ ചില സംഭങ്ങള്‍ ഉണ്ടായപ്പോള്‍ സി.പി.എം ജില്ലാ നേതൃത്വത്തെ വിവരം ബോധിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അറിവില്ലെന്നാണ് പറയുന്നത്. പൊലിസ് നീതിപൂര്‍വമല്ല പ്രവര്‍ത്തിക്കുന്നത്. കൊല്ലം നഗരത്തിലെ മറ്റു കോളജുകളിലെ ഗേറ്റ് അടക്കുന്നതിനെ എതിര്‍ക്കാത്തവര്‍ എസ്.എന്‍ കോളജില്‍ മാത്രം പ്രശ്‌നം ഉണ്ടാക്കുന്നതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."