കനോലി കനാല്‍: മലിനജലക്കുഴലുകള്‍ അടക്കാന്‍ നടപടിയുമായി അധികൃതര്‍
കോഴിക്കോട്: ശുചീകരണയജ്ഞം പൂര്‍ത്തിയായ കനോലി കനാലിനു ഭീഷണിയായി അനധികൃത മലിനജലം ഒഴുക്കി വിടുന്നവര്‍ക്കെതിരേ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. ശുചീകരണയജ്ഞം ആരംഭിച്ചതു മുതല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ജില്ലാ ഭരണകൂടവും മാലിന്യങ്ങള്‍ കനാലിലേക്ക് ഒഴുക്കുന്ന വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിച്ചുതുടങ്ങിയിരുന്നു.
ഇത്തരം കെട്ടിടഉടമകള്‍ക്ക് കോര്‍പറേഷന്‍ നോട്ടിസ് നല്‍കുകയും 30 ദിവസത്തിനകം ഇതവസാനിപ്പിച്ച് ബദല്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കൂടാതെ ശുചീകരണത്തിനു ശേഷം നവംബര്‍ ഒന്നിനകം കനാലിലേക്കു സ്ഥാപിച്ച മലിനജലക്കുഴലുകള്‍ നീക്കം ചെയ്യണമെന്ന് പത്രമാധ്യമങ്ങളിലൂടെ നേരത്തെ അറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.
കെട്ടിടനിര്‍മാണ നിയമത്തില്‍ തന്നെ വീടുകളും വാണിജ്യകെട്ടിടങ്ങളും പണിയുമ്പോള്‍ സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിക്കണമെന്നും മാലിന്യസംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പാലിക്കാതെ ഒട്ടേറെ വീട്ടുകാരും വാണിജ്യകെട്ടിട ഉടമകളും ആശുപത്രികളും അടുക്കള മാലിന്യം, സെപ്റ്റിക് മാലിന്യം എന്നിവ കനോലി കനാലിലേക്ക് ഒഴുക്കുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ കണക്കുപ്രകാരം കനോലി കനാലിലേക്ക് മാലിന്യം തള്ളുന്ന 72 ഓടകളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും നോട്ടിസ് കിട്ടി കുറച്ചുദിവസത്തിനകം തന്നെ അടക്കുകയും ചിലത് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ ഉപയോഗിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതു മുഖവിലക്കെടുക്കാതെ വീണ്ടും മലിനജലം ഒഴുക്കിവിടുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു സ്ഥാപനങ്ങള്‍ക്ക് വീണ്ടും അധികൃതര്‍ നോട്ടിസ് നല്‍കിയത്. മലബാര്‍ ഹോസ്പിറ്റല്‍ എരഞ്ഞിപ്പാലം, സ്‌കൈലൈന്‍ സോനാറ്റ അപാര്‍ട്ട്‌മെന്റ് എരഞ്ഞിപ്പാലം, ഹൈലൈറ്റ് ഹാര്‍മണി ഫ്‌ളാറ്റ് എരഞ്ഞിപ്പാലം, വി.പി സ്‌പെയിസ് ബില്‍ഡിങ് എരഞ്ഞിപ്പാലം, വിജയ ഹോസ്പിറ്റല്‍ എരഞ്ഞിപ്പാലം, ചന്ദനക്കാട്ടില്‍ അപ്പാര്‍ട്ട്‌മെന്റ് എരഞ്ഞിപ്പാലം, ന്യൂഅക്ഷയ ടീ ഷോപ്പോ കുണ്ടൂപറമ്പ്, കൃഷ്ണ ബേക്കറി, ബോര്‍മ കാരപ്പറമ്പ് ജങ്ഷന്‍, ലൈല സൈന്‍ പ്രിന്റിങ് മൂരിയാട്‌റോഡ് പുതിയപാലം എന്നീ പത്തോളം സ്ഥാപനങ്ങള്‍ക്കാണു കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നോട്ടിസ് നല്‍കിയത്. നിശ്ചിത സമയത്തിനകം മലിനജലം ഒഴുക്കിവിടുന്നതില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ മുനിസിപ്പല്‍ ആക്ട് പ്രകാരം മൂന്നുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും ചുമത്തുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."