ജേക്കബ് തോമസ് ഇനി പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത്
തിരുവനന്തപുരം: സസ്പന്ഷനില് കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുത്ത് പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ജേക്കബ് തോമസിനായി ഉചിതമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ പദവി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഫയല്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവനു കൈമാറി.
കരകൗശല വികസന കോര്പറേഷന് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് നിയമനത്തിനു പരിഗണിക്കുന്നത്. തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡി.ജി.പിയായ തനിക്ക് പൊലിസിലെ കേഡര്‍ പോസ്റ്റുകളിലൊന്നു വേണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം മുഖവിലയ്ക്കെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. വിജിലന്‍സ്,ക്രൈംബ്രാഞ്ച് കേസുകള്‍ ചൂണ്ടികാട്ടിയാണ് അപ്രധാന പദവികള്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം. സസ്പെന്‍ഷനില്‍ നില്ക്കുന്ന ജേക്കബ് തോമസിനെ തിരിച്ചെടുക്കാമെന്നു ചൂണ്ടികാട്ടി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്കിയ ഫയല്‍ ചീഫ്സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തിരിച്ചെടുക്കണമെന്നു ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് തിരിച്ചെടുക്കാമെന്നുള്ള ആഭ്യന്തര വകുപ്പിന്റെ ഫയല്‍ മുഖ്യമന്ത്രിയുടെ അടുക്കലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."