സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്ക് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട്ടില്‍ വൃക്ക രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം പരിമിതമായതിനാലാണ് സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ കെട്ടിടത്തിലാണ് സെന്റര്‍ ആരംഭിക്കുക. കെട്ടിടത്തിലെ 3000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്താണ് സെന്റര്‍ ആരംഭിക്കുന്നത്.
റവ.ഫാ.മത്തായി നൂറനാല്‍ മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ എന്ന നാമകരണത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഒരേ സമയം 12 രോഗികള്‍ക്ക് ഡയാലിസിസിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. സെന്ററിലേക്ക് ആംബുലന്‍സ്, മെഷിന്‍, കട്ടില്‍ തുടങ്ങിയ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
അടുത്ത ജനുവരിയില്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ചടങ്ങില്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച സഹകാരിക്ക് ബാങ്ക് റവ. ഫാ. മത്തായി നൂറനാല്‍ മെമ്മോറിയല്‍ സഹകാരി പുരസ്‌കാരം നല്‍കും. 25000 രൂപയാണ് അവാര്‍ഡ് തുക. ബാങ്കിന് കീഴിലുള്ള നമസ്‌തേ ഗ്യാസ് ഏജന്‍സി മുഖേന ആയിരത്തോളം വനിതകള്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തിട്ടുണ്ട്. താലൂക്കിലെ എല്ലാ ഭാഗങ്ങളിലും കൃത്യമായി മറ്റു ചാര്‍ജുകളൊന്നും ഈടാക്കാതെ ഗ്യാസ് വിതരണം ചെയ്യുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി ടൗണിലുള്ള രണ്ട് നീതി മെഡിക്കല്‍ സ്‌റ്റോറുകളിലൂടെ 30 ശതമാനം വിലക്കുറവില്‍ മരുന്ന് വിതരണം ചെയ്ത് വരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ എ.ടി.എം, മൊബൈല്‍ ബാങ്കിങ്, ഇ-ബാങ്കിങ് മുതലായ സൗകര്യങ്ങളും നിലവില്‍ വരുന്നതാണ്. ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വളം, കീടനാശിനി ഡിപ്പോകള്‍ക്ക് പുറമെ ജൈവ വളങ്ങള്‍ക്കായി പ്രത്യേക കൗണ്ടര്‍ തുടങ്ങും.
വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. പി.സി ഗോപിനാഥ്, വൈസ് പ്രസിഡന്റ് വി. മോഹനന്‍, സെക്രട്ടറി സി.വി ജെസി, അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാര്‍ എന്നിവരും ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."