അരൂര്‍ ജാതീയ സമവാക്യങ്ങളില്‍തട്ടി കലങ്ങി മറിയുന്നു
ആലപ്പുഴ: നവോത്ഥാനം തട്ടിന്‍പുറത്തുവച്ച് വെള്ളാപ്പള്ളി നടേശന്‍ ഭൂരിപക്ഷ സമുദായ കാര്‍ഡിറക്കിയതോടെ അരൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം ജാതിസമവാക്യങ്ങളില്‍ തട്ടി കലങ്ങി മറിയുന്നു. വെള്ളാപ്പള്ളിയുടെ ചുവടുപിടിച്ച് കോണ്‍ഗ്രസും സി.പി.എമ്മും ഭൂരിപക്ഷ സമുദായ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള നീക്കത്തിലാണ്.
എല്‍.ഡി.എഫില്‍ അരൂര്‍ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണ്. യു.ഡി.എഫില്‍ കോണ്‍ഗ്രസിന്റേതും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുപാര്‍ട്ടികളിലെയും നിരവധി പേരുകളാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയര്‍ന്നു കേട്ടത്. വെള്ളാപ്പള്ളി നടേശന്‍ ഭൂരിപക്ഷ വാദം ഉയര്‍ത്തിയതോടെ മുന്നണി പട്ടികയിലെ മുന്‍നിരക്കാരെല്ലാം പിന്നിലായി. കോണ്‍ഗ്രസില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു തോറ്റ ഷാനിമോള്‍ ഉസ്മാന്‍, ഡി.സി.സി അധ്യക്ഷന്‍ എം. ലിജു, മുന്‍ അധ്യക്ഷന്‍ എ.എ ഷുക്കൂര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എസ്. രാജേഷ് എന്നിവരുടെ പേരുകളായിരുന്നു പരിഗണനയില്‍. സി.പി.എമ്മില്‍ സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബു, ഡി.വൈ.എഫ്.ഐ സംസ്ഥാന ഉപാധ്യക്ഷന്‍ മനു സി. പുളിയ്ക്കല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരജ്ഞന്‍, സി.പി.എം ജില്ല സെക്രട്ടറി ആര്‍. നാസര്‍ എന്നിവരും പരിഗണനാ പട്ടികിയില്‍ എത്തി.
കോണ്‍ഗ്രസില്‍ സീറ്റ് ഉറപ്പിച്ചെന്ന് കരുതിയ ഷാനിമോള്‍ ഉസ്മാനനെതിരേ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രൂപ്പുകള്‍ക്കതീതമായി നേതാക്കളുടെ വിശ്വാസം നേടിയെടുത്ത് പൊതുസ്ഥാനാര്‍ഥിയാവാനുള്ള നീക്കമാണ് ഷാനിമോള്‍ നടത്തുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഡി.സി.സിയിലെ ഭൂരിപക്ഷം നേതാക്കളും ഷാനിമോള്‍ സ്ഥാനാര്‍ഥിയാവുന്നതിനോട് എതിര്‍പ്പുയര്‍ത്തിക്കഴിഞ്ഞു. തങ്ങളുടെ എതിര്‍പ്പ് ഡി.സി.സി നേതാക്കള്‍ എ.കെ ആന്റണിയെയും അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടിയില്‍ സജീവമാകാതെ നിന്നതാണ് ഷാനിമോള്‍ക്ക് വിനയാവുന്നത്. എ ഗ്രൂപ്പ് സീറ്റ് എറ്റെടുത്താല്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ സ്ഥാനാര്‍ഥിയാവാനുള്ള ശ്രമവും ഷാനിമോള്‍ നടത്തുന്നുണ്ട്.
നിലവില്‍ ഐ ഗ്രൂപ്പ് എന്നു പറയാമെങ്കിലും ഷാനിമോള്‍ ഒരു വിഭാഗവുമായും അടുപ്പം പുലര്‍ത്തുന്നില്ല. ഷാനിമോളുടെ സ്ഥാനാര്‍ഥി മോഹത്തിന് പ്രധാനമായും വെല്ലുവിളിയാവുന്നത് വെള്ളാപ്പള്ളിയുടെ ഭൂരിപക്ഷ സമുദായവാദമാണ്.
വെള്ളാപ്പള്ളിയുടെ ചുവടു പിടിച്ച് കോണ്‍ഗ്രസില്‍ ഈഴവ പ്രാതിനിധ്യം ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഇതോടെ എം. ലിജു, സി.ആര്‍ ജയപ്രകാശ്, അഡ്വ. രാജേഷ് എന്നതിലേക്ക് കോണ്‍ഗ്രസിലെ ചര്‍ച്ച മാറുകയാണ്. വെള്ളാപ്പള്ളിയെ മയപ്പെടുത്താന്‍ ഈഴവ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസിലെ ആലോചനയും. അങ്ങനെ വന്നാല്‍ എം. ലിജുവിന് തന്നെ നറുക്കുവീഴും. അടൂര്‍ പ്രകാശ് എം.പി കോന്നിയില്‍ റോബിന്‍ പീറ്ററിനായി പിടിമുറുക്കിയതും അരൂരിലെ ന്യൂനപക്ഷ സ്ഥാനാര്‍ഥിയുടെ വഴിമുടക്കുന്നു.
കായംകുളം, അരൂര്‍ സീറ്റുകളില്‍ ഒന്നില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. സി.പി.എമ്മില്‍ മന്ത്രി ജി. സുധാകരന്റെ പിന്തുണയുള്ള മനു സി. പുളിക്കനാണ് സ്ഥാനാര്‍ഥിത്വത്തില്‍ മുന്‍തൂക്കം.
സിറിയന്‍ കതോലിക്ക വിഭാഗത്തില്‍ നിന്നുള്ളയാളാണ് മനു. കോന്നിയില്‍ സി.പി.എം ഈഴവ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ മനുവിന്റെ സാധ്യത വര്‍ധിക്കും. വെള്ളാപ്പള്ളി വാശിപിടിച്ചാല്‍ മാത്രം സി.പി.എം ജില്ല സെക്രട്ടറി ആര്‍. നാസറോ സി.ബി ചന്ദ്രബാബുവോ, കെ. പ്രസാദോ സ്ഥാനാര്‍ഥിയായി എത്തിയേക്കാം.
വെള്ളാപ്പള്ളിയുമായി നീക്കുപോക്കുണ്ടായാല്‍ ധീവര വിഭാഗത്തില്‍ നിന്നുള്ള പി.പി ചിത്തരജ്ഞനും സാധ്യയുണ്ട്. അരൂരിലെ സ്ഥാനാര്‍ഥിയെ വെള്ളാപ്പള്ളി നടേശന്റെ താല്‍പര്യം കൂടി പരിഗണിച്ചേ സി.പി.എം തീരുമാനിക്കൂ.
എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിനാണ് സീറ്റ്. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ബി.ജെ.പി ഉയര്‍ത്തിയിരുന്നു. തുഷാര്‍ സ്ഥാനാര്‍ഥി അല്ലെങ്കില്‍ സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം ബി.ജെ.പിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍, ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുമെന്നാണ് തുഷാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ന് കൊച്ചിയില്‍ നടക്കുന്ന എന്‍.ഡി.എ യോഗത്തില്‍ അരൂരിലെ സീറ്റ് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."