കേരളാ കോണ്‍ഗ്രസില്‍ വീണ്ടും 'വെടിപൊട്ടിച്ച് ' ജോസഫ് വിഭാഗം പോളിങ് ദിനത്തിലും തമ്മില്‍ തല്ല്
കോട്ടയം: താല്‍ക്കാലിക വെടിനിര്‍ത്തലില്‍ നിന്ന് പിന്മാറി പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടിങ് ദിനത്തിലും ആരോപണങ്ങളുടെ കെട്ടഴിച്ച് കേരള കോണ്‍ഗ്രസ് (എം)ലെ ജോസഫ് വിഭാഗം. ജോസ് വിഭാഗത്തിനെതിരേ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് ജോസഫ് വിഭാഗത്തില്‍നിന്ന് ജോയി ഏബ്രഹാമാണ് ആദ്യം രംഗത്തെത്തിയത്.
കെ എം മാണി തന്ത്രങ്ങള്‍ പ്രയോഗിച്ച ആളായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ചിലര്‍ കുബുദ്ധിയും കുതന്ത്രങ്ങളുമാണ് പ്രയോഗിക്കുന്നതെന്നുമായിരുന്നു ജോയ് എബ്രഹാമിന്റെ പ്രതികരണം. പേര് എടുത്തുപറയാതെയായിരുന്നു പരാമര്‍ശമെങ്കിലും ജോയ് എബ്രഹാം ലക്ഷ്യമിട്ടത് ജോസ്.കെ.മാണിയെയാണെന്ന് വ്യക്തം. ജോസ് കെ മാണി പക്വതയില്ലാത്തയാളാണ്. കെ എം മാണിയുടെ പിന്തുടര്‍ച്ചാവകാശം ഒരു കുടുംബത്തിനല്ല പാര്‍ട്ടിക്കാണ്. ദുരഭിമാനം കാണിക്കാതെ ഇരുന്നെങ്കില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കുമായിരുന്നുവെന്നും ജോയ് എബ്രഹാം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഞങ്ങള്‍ പിന്തുണയ്ക്കുമെന്നാണ് ആദ്യം മുതല്‍ പറഞ്ഞത്. അതില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോയി ഏബ്രഹാമിന് പിന്നാലെ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും ജോസ് വിഭാഗത്തിനെതിരേ രംഗത്തെത്തി. രണ്ടില ചിഹ്നമില്ലാത്തത് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കുമെന്നായിരുന്നു സജിയുടെ പ്രതികരണം. അതേസമയം യുഡിഎഫില്‍ വ്യത്യസ്ത അഭിപ്രായങ്ങളില്ലെന്നും ഒറ്റ അഭിപ്രായമേയുള്ളൂവെന്നുമായിരുന്നു ജോസ് കെ മാണിയുടെ പരസ്യപ്രതികരണം .ഇതിനിടെ ജോയ് എബ്രഹാമിന്റെ പ്രസ്താവനയില്‍ അമര്‍ഷമറിയിച്ച പ്രതിപക്ഷ നേതാവ് ജോസഫ് വിഭാഗത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തന്റെ പ്രസ്താവന ആരെയും ഉദ്ദേശിച്ചായിരുന്നില്ലെന്ന് ജോയി ഏബ്രഹാം തിരുത്തി.
അതിനിടെ, കാര്യങ്ങള്‍ വിലയിരുത്താന്‍ ജോസ് പക്ഷം പാലായില്‍ അടിയന്തര യോഗം ചേര്‍ന്നു. ജോസ് കെ മാണി എംപി, തോമസ് ചാഴികാടന്‍ എം പി, ജോസഫ് എം പുതുശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം . ജോസഫ് പക്ഷത്തിന് മറുപടി നല്‍കി വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."