യാത്ര മാലിന്യങ്ങള്‍ക്കിടയിലൂടെ: രോഗഭീതിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍
എടച്ചേരി: എടച്ചേരിയിലെ മാലിന്യ പ്രശ്നത്തില്‍ വിദ്യാര്‍ഥികള്‍ക്കും ദുരിതം. സ്കൂളിലേക്ക് പോകുന്ന വഴിയിലും മാലിന്യ കൂമ്പാരം കെട്ടിക്കിടക്കുകയാണ്. എടച്ചേരി പുതിയങ്ങാടിയിലെ നരിക്കുന്ന് യു.പിസ്കൂളിലേക്ക് പോകുന്ന വഴിയോരത്താണ് മാലിന്യ നിക്ഷേപം നടക്കുന്നത്. ഇവിടെ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുളള ഉപയോഗ ശുന്യമായ കിണറിലും പമ്പ് ഹൗസിലുമാണ് മാലിന്യ നിക്ഷേപം നടക്കുന്നത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളള പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ഈ മാലിന്യ കൂമ്പാരം മാസങ്ങളായി കെട്ടിക്കിടക്കുകയാണ്.
സമീപവാസികള്‍ക്കും ടൗണിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടു നേരിടുന്ന ഈ മാലിന്യ നിക്ഷേപത്തെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുയാണ്. ചില കച്ചവടകേന്ദ്രങ്ങളിലെ മാലിന്യങ്ങളാണ് രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ കൊണ്ടു തള്ളുന്നത്. ടൗണില്‍ നിന്ന് ഇതു വഴിയാണ് ധാരാളം കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നത്. സമീപത്തുള്ള വീട്ടുകാര്‍ക്കും മാലിന്യം ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എടച്ചേരി ടൗണിനോട് ചേര്‍ന്ന് സ്കൂളിലേക്കുള്ള വഴിയിലെ ഉപയോഗശൂന്യമായ പമ്പ് ഹൗസും വൃത്തിഹീനമായി കിടക്കുകയാണ്.
ഈ പഴകിയ കെട്ടിടം ചിലര്‍ മൂത്രപ്പുരയായും ഉപയോഗിക്കുന്നുണ്ട്. ഇത് കാരണം മഴക്കാലത്ത് ഇതുവഴിയുളള യാത്ര ദുര്‍ഗന്ധപൂരിതവുമാണ്. മഴ പെയ്യുന്നതോടെ മാലിന്യങ്ങള്‍ അഴുകി റോഡിലേക്ക് പരന്നൊഴുകുകയും ചെയ്യും. ടൗണിലെ ഓവുചാലുകള്‍ പലയിടങ്ങളിലും അടഞ്ഞുകിടക്കുന്നതിനാല്‍ റോഡില്‍ കെട്ടിക്കിടക്കുന്ന മലിനജലം കടകളിലേക്കും ഒഴുകിയെത്തുന്നത് പതിവാണ്.
മഴക്കാലമാകുന്നതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാനും സാധ്യതയുണ്ട്. ഇവിടുത്തെ മാലിന്യ നിക്ഷേപം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."