ട്രെയിന്‍ റദ്ദാക്കല്‍ ജൂലൈ പകുതി വരെ തുടരും
വടകര : കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യുന്ന നടപടി ജൂലൈ പകുതി വരെ തുടരും. നിര്‍മാണ പ്രവൃത്തി നടന്നു വരുന്നതിനാലാണ് ആഴ്ചയിലെ ചില ദിവസങ്ങളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യുന്നത്.
മംഗലാപുരത്തു നിന്ന് കോയമ്പത്തൂരിലേക്കുള്ള പാസഞ്ചറും കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചറും ജൂണ്‍ ആദ്യവാരം മുതലാണ് ചില ദിവസങ്ങളില്‍ റദ്ദ് ചെയ്ത് തുടങ്ങിയത്. പിന്നീട് ഘട്ടം ഘട്ടമായി ദീര്‍ഘിപ്പിക്കുകയായിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ സുഗമമായി നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
56324 നമ്പര്‍ മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറും 56657 നമ്പര്‍ കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറും ജൂണ്‍ മാസത്തില്‍ ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് റദ്ദ് ചെയ്തിരിക്കുന്നത്. ജൂലൈ മാസത്തില്‍ 2(ഞായര്‍),4(ചൊവ്വ),5(ബുധന്‍) തിയതികളില്‍ ഇരു ട്രെയിനുകളും റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം 7 മുതല്‍ 14 വരെ ദിവസങ്ങളില്‍ റദ്ദാക്കല്‍ തുടരും. വെള്ളി, ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറും കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറും ഈ ദിവസങ്ങളില്‍ റദ്ദാക്കിയിരിക്കുന്നത്.
ഏതൊക്കെ ദിവസങ്ങളില്‍ ട്രെയിന്‍ റദ്ദാക്കിയത് എന്നറിയാതെ യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളിലെത്തി മടങ്ങുന്നത് പതിവാണ്. വടകര റെയില്‍വേ സ്റ്റേഷനില്‍ 11.35ന് എത്തുന്ന മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ മുതല്‍ കൊയിലാണ്ടി വരെയുള്ള യാത്രക്കാര്‍ക്ക് അധികം പണ ചെലവില്ലാതെ ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്ഥിരമായി വടകരയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നവരും ഈ ട്രെയിനിനെ ആശ്രയിച്ചിരുന്നു.
എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്ത മുക്കാളി, നാദാപുരം റോഡ് തുടങ്ങിയ ചെറിയ സ്റ്റേഷനുകളെ ആശ്രയിക്കുന്നവര്‍ക്കും പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
ട്രെയിനുകള്‍ റദ്ദാക്കുന്ന ദിവസങ്ങളില്‍ ഈ റെയില്‍വേ സ്റ്റേഷനുകളില്‍ ആളൊഴിയുകയാണ്. ഈ ദിവസങ്ങളില്‍ ചില എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ചെറിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."