വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗം തടയാന്‍ കര്‍മ പദ്ധതി
കൊണ്ടോട്ടി: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗം തടയാന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് കര്‍മപദ്ധതി ആരംഭിക്കാന്‍ താലൂക്ക് വികസന സമിതി യോഗം തീരുമാച്ചു. പ്രധാന കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരെ ഇതിനായി ചുമതലപ്പെടുത്തി.
കരിപ്പൂര്‍ ഡിവിഷന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് ജില്ലാ പഞ്ചായത്തംഗം സെറീന ഹസീബ് അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി വിവിധ വകുപ്പുകളുടേയും മറ്റും ഒരു യോഗം 12ന് വൈകിട്ട് മോയിന്‍കുട്ടി വൈദ്യര് സ്മാരക അക്കാദമി ഹാളില്‍ ചേരും.
റേഷന്‍ വിതരണം സപ്ലൈകോ വഴിയാക്കിയ സാഹചര്യത്തില്‍ കൊണ്ടോട്ടിയില്‍ സപ്ലൈകോ ഡിപ്പോ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓമാനൂര്‍-കുഴിമണ്ണ റോഡിന് 5.75 കോടി രൂപ അനുവദിച്ചതായി എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. മുടങ്ങിക്കിടക്കുന്ന കിഴിശ്ശേരി ടൗണ്‍ സൗന്ദര്യവല്‍ക്കരണം ഉടന്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. തഹസില്‍ദാര്‍ കെ.ദേവകി, ഡെപ്യൂട്ടി തഹസില്‍ദാര്‍ അബൂബക്കര്‍ പുലിക്കുത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, ജില്ലാ പഞ്ചായത്തംഗം സെറീന ഹസീബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം സലീം മാസ്റ്റര്‍, കെ.എ സഗീര്‍, സി.രാജേഷ്, എം.ഹാജറ, പൊതുപ്രവരത്തകരായ പുലത്ത് കുഞ്ഞുമുഹമ്മദ്, ചമ്മിനി ബാലകൃഷ്ണന്, പി.കെ മൊയ്തീന്‍കുട്ടി, അബ്ദുസലാം മൂക്കോടന്‍, സി.ടി മുഹമ്മദ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."