'ഇശലുകളുടെ സുല്‍ത്താന്‍' ഓഗസ്റ്റില്‍ അരങ്ങിലെത്തും
കോഴിക്കോട്: മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരം 'ഇശലുകളുടെ സുല്‍ത്താന്‍' അണിയറയില്‍ ഒരുങ്ങുന്നു. മോയിന്‍കുട്ടി വൈദ്യരുടെ കാവ്യജീവിതത്തിന്റെ അടയാളപ്പെടുത്തലിനൊപ്പം കവിയുടെ മാസ്റ്റര്‍പീസുകളായി കണക്കാക്കുന്ന 'ഉസുന്ല്‍ ജമാലും ബദറുല്‍ മുനീറും', 'മലപ്പുറം പടപ്പാട്ട് ' തുടങ്ങിയ കാവ്യങ്ങളുടെ ദൃശ്യാവിഷ്‌കാരവും നാടകത്തില്‍ ഒരുക്കുന്നുണ്ട്.
ഓഗസ്റ്റ് 19, 20 തിയതികളില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിലാണ് ആദ്യ അവതരണം. ഒന്നാംഘട്ട റിഹേഴ്‌സല്‍ പൂര്‍ത്തിയായി. ദഫ്, അറബന, കോല്‍ക്കളി, വട്ടക്കളി തുടങ്ങിയ മാപ്പിള കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയാണ് നാടകത്തിന്റെ ദൃശ്യഭാഷ തയാറാക്കിയിരിക്കുന്നത്.
നൂറോളം കലാകാരന്‍മാരെ അരങ്ങിലും അണിയറയിലും അണിനിരത്തി അത്യാധുനിക സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് നാടകം അരങ്ങിലെത്തുക.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഥം ഹൗസ് പെര്‍ഫോമിങ് ആര്‍ട്ട് ഗ്രൂപ്പാണ് നാടകം അരങ്ങിലെത്തിക്കുന്നത്. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്രീജിത്ത് പൊയിലൂര്‍കാവാണ്. ഖത്തറിലെ ദീപ സംവിധായകനും സാങ്കേതിക വിദഗ്ധനുമായ മജീദ് കോഴിക്കോടാണ് സാങ്കേതിക സംവിധാനം. ബാപ്പു വെള്ളിപ്പറമ്പ്, കോഴിക്കോട് അബൂബക്കര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സത്യജിത്ത്, ആര്‍ട്ടിസ്റ്റ് സുജാതന്‍, സിറാജ് ദുബൈ തുടങ്ങിയ കലാകാരന്‍മാരും നാടകത്തിന്റെ പിന്നരങ്ങിലുണ്ട്. മിര്‍ഷാദ്, അഷിത, ഷൈജു ഒളവണ്ണ, ദീരജ്, സുധകരന്‍ ചൂലൂര്‍, റിന്‍സി, റീന, ഋത്തിക്ക് ശ്രീകുമാര്‍ തുടങ്ങിയവരാണ് നടകത്തില്‍ വേഷമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."