പൊലിസ് വാഹനം തകര്‍ത്ത സംഭവം: പ്രതി പിടിയില്‍
കൈപമംഗലം: നൈറ്റ് പെട്രോള്‍ ഡ്യൂട്ടിക്കിടയില്‍ പൊലിസ് വാഹനം അടിച്ചു തകര്‍ത്ത് പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം നിരവധി കൊലപാതക ശ്രമ കേസുകളിലെ പ്രതി ചക്കനാത്ത് ഇച്ചാവ വൈഷ്ണവിനെ (20) കൈപമംഗലം എസ്.ഐ കെ.ജെ ജിനേഷും സംഘവും പിടികൂടി. ചാമക്കാലയില്‍ വ്യാപാരിയേയും ജീവനക്കാരിയേയും ആക്രമിച്ച കേസിലാണ് അറസ്റ്റ്. മതിലകം, കാട്ടൂര്‍, ഇരിങ്ങാലക്കുട, കൈപമംഗലം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കൊലപാതകശ്രമ കേസുകള്‍ നിലവിലുണ്ട്. ഇരിങ്ങാലക്കുട കരുവന്നൂരില്‍ സംഘം ചേര്‍ന്നു യുവാക്കളെ റോഡിലിട്ട് ആക്രമിച്ചതും ചന്ത്രാപ്പിന്നിയില് കഞ്ചാവ് വില്‍പ്പനയെ കുറിച്ചു പൊലിസിനു വിവരം നല്കി എന്നു സംശയിച്ച് കൈപമംഗലം സ്വദേശിയെ ആക്രമിച്ചതും കാട്ടൂര്‍ പൊലിസ് സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പെട്രോളിങ് വാഹനം തല്ലിതകര്‍ത്ത കേസിലും പ്രതിയാണ്. വളരെ ചെറുപ്പത്തിലേ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ കാക്കനാട്ടെ കുട്ടി കുറ്റവാളികളുടെ ജയിലില്‍ പല തവണ കിടന്നിട്ടുണ്ട്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ള ഇയാള്‍ എപ്പോഴും ആയുധം കൈവശം വച്ചു നടക്കുന്ന ശീലമുള്ളയാളാണ്. ഈ കേസില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ടു പേരെ കടപ്പുറത്തു നിന്നും പിടികൂടുമ്പോള്‍ കൂട്ടത്തിലുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാത്രി ഒരു ബന്ധുവീട്ടിലെത്തിയതറിഞ്ഞു പൊലിസ് വീടു വളഞ്ഞു പിടികൂടുകയായിരുന്നു. പൊലിസുകാരെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ ഇയാളെ മാസങ്ങള്‍ക്കു ശേഷം തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്. ഓരോ കേസുകളിലും ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയാല്‍ ദിവസങ്ങള്ക്കുള്ളിത്തന്നെ കൂട്ടാളികളൊത്ത് വീണ്ടും അടിപിടിയുണ്ടാക്കുക പതിവാണ്. നാട്ടുകാര്‍ക്ക് വലിയ ഭീഷണിയായ ഇവരുടെ സംഘത്തിലെ ഏറ്റവും ആക്രമണകാരിയും ഇയാളാണ്. സീനിയര്‍ സി.പി.ഒ മാരായ സി.കെ ഷാജു, പി.എ അഭിലാഷ്, സി.പി.ഒ മാരായ സി.എസ് പ്രബിന്, ഷിന്റോ എന്നിവരാണ് പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."