എയര്‍ ഹോണ്‍ മുഴക്കി സ്വകാര്യ ബസുകള്‍ കാതുപൊത്തി അധികൃതര്‍
കൊടുങ്ങല്ലൂര്‍: എയര്‍ ഹോണ്‍ മുഴക്കി സ്വകാര്യ ബസുകളും കാതുപൊത്തി അധികൃതരും.
പൊലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹനപരിശോധനകള്‍ക്കിടയിലും നിരോധിത എയര്‍ ഹോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഹോണുകള്‍ ഉപയോഗിക്കുന്നതിനു നിരോധനമുള്ള ഇടങ്ങളില്‍പോലും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണ്‍ മുഴങ്ങുന്നുണ്ട്. ചില സ്വകാര്യ ബസുകളില്‍ 125 ഡെസിബല്‍ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകളാണു ഘടിപ്പിച്ചിട്ടുള്ളത്. ടെസ്റ്റിനു പോകുമ്പോള്‍ സാധാരണ ഹോണുകള്‍ ഘടിപ്പിച്ചു മര്യാദ രാമന്‍മാരാകുന്നവര്‍ അതു കഴിഞ്ഞാല്‍ അസഹനീയമായ ശബ്ദം പുറപ്പെടുവിക്കുന്ന തരം ഹോണുകള്‍ ഘടിപ്പിക്കുകയാണു ചെയ്യുന്നത്.
കൊടുങ്ങല്ലൂര്‍ തൃശൂര്‍ റൂട്ടിലാണു കൂടുതലായും എയര്‍ ഹോണ്‍ ഉപയോഗിക്കുന്നത്. നിശ്ചിത സമയത്തിനകം ഓടിയെത്താന്‍ റോഡിലെ തടസങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് എയര്‍ ഹോണ്‍ മുഴക്കുന്നതെന്നാണു സ്വകാര്യ ബസ് ജീവനക്കാരുടെ വാദം. എന്നാല്‍ എയര്‍ഹോണ്‍ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഹൈക്കോടതിയും സര്‍ക്കാരും വാഹനങ്ങളില്‍ എയര്‍ഹോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പലവട്ടം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നടപടി ആരംഭശൂരത്വത്തിലൊതുങ്ങുകയാണ് പതിവ്. പൊലിസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ തയാറാകാത്തതിനാലാണ് നിയമ ലംഘനം വര്‍ധിക്കുന്നതെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."