കൊപ്പം-വളാഞ്ചേരി റോഡില്‍ കുഴിയടക്കല്‍ പ്രവൃത്തി പ്രഹസനമാകുന്നു
കൊപ്പം: ആവശ്യത്തിന് ടാര്‍ ഇല്ലാതെ തകര്‍ന്ന റോഡിലെ കുഴിയടക്കല്‍ കാരണം പുലാശ്ശേരി വളവില്‍ അപകടത്തില്‍പ്പെട്ടത് മൂന്ന് ഇരുചക്രവാഹനങ്ങള്‍. കുഴിയടക്കുന്നതിലെ അപാകത കാരണം റോഡില്‍ ചിതറി കിടക്കുന്ന മെറ്റലില്‍ തെന്നിയാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. യാത്രികര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇതോടെ അപകട കുഴികള്‍ക്ക് തല്‍ക്കാലിക പരിഹാരമെന്നോണം കൊപ്പം-വളാഞ്ചേരി പാതയിലെ കുഴി അടക്കുന്ന പ്രവര്‍ത്തികളാണ് പ്രഹസനമാണെന്ന് ആരോപണം ഉയര്‍ന്നുതുടങ്ങി.
ആവശ്യത്തിന് ടാര്‍ ഇല്ലാതെ മെറ്റല്‍ ഉപയോഗിച്ച് അടച്ച കുഴികളില്‍നിന്ന് നിമിഷനേരംകൊണ്ട് മെറ്റല്‍ റോഡില്‍ പരക്കുകയും അതുമൂലം കഴിഞ്ഞ ദിവസം മാത്രം മൂന്ന് ഇരുചക്രവാഹനങ്ങളാണ് പുലാശ്ശേരി വളവില്‍ അപകടത്തില്‍പ്പെട്ടത്. മുത്തപ്പന്‍ മില്ലിനു സമീപം നടന്ന മറ്റൊരു ബൈക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റ യാത്രക്കാരനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍ ഈ പ്രദേശത്ത് അപകടത്തില്‍പ്പെട്ട സഹചര്യത്തില്‍ പുലാശ്ശേരിയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ റോഡില്‍നിന്ന് മെറ്റല്‍ നീക്കംചെയ്ത് ഗതാഗതത്തിനു സൗകര്യം ഏര്‍പ്പെടുത്തി.
ചതിക്കുഴികള്‍ നിറഞ്ഞ കൊപ്പംവളാഞ്ചേരി പാതയില്‍ പൊതുമരാമത്ത് വകുപ്പാണ് കുഴികള്‍ അടക്കാനുള്ള പ്രവര്‍ത്തികള്‍ തുടങ്ങിവച്ചത്. എന്നാല്‍ ആവശ്യത്തിനു ടാര്‍ ഇല്ലാതെയുള്ള കുഴിയടക്കല്‍ കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്തിട്ടുള്ളത്. കൊപ്പം പെട്രോള്‍ പമ്പിന് സമീപവും പുലാശ്ശേരി സ്‌കൂളിനുസമീപം വളവിലും ഒന്നാന്തിപ്പടിയിലും നടുവട്ടം സ്‌കൂളിനുമുന്നിലുമാണ് അറ്റകുറ്റപ്പണി ആരംഭിച്ചിരിക്കുന്നത്.
പേരിന് ടാര്‍ തൂകി മെറ്റല്‍ പാകി റോഡ് റോളര്‍ ഓടിക്കുന്ന പ്രവൃത്തിയാണ് നിലവില്‍ ചെയ്തിട്ടുള്ളത്. ഈ നിലയിലുള്ള നിര്‍മാണ പ്രവൃത്തികള്‍ രണ്ടുദിവസത്തിനകം കുഴികള്‍ വീണ്ടും രൂപപ്പെടാന്‍ കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."