കരാറുകാരുടെ മെല്ലെപ്പോക്ക്: കാഞ്ഞിരപ്പുഴ റോഡിന് വീണ്ടും ടെന്‍ഡര്‍ വിളിക്കും
കാഞ്ഞിരപ്പുഴ: കരാറുകാരുടെ മെല്ലെപ്പോക്ക് കാരണം ചിറക്കല്‍പടി-കാഞ്ഞിരപ്പുഴ റോഡ് പ്രവൃത്തി അവതാളത്തില്‍. വിശദമായ എസ്റ്റിമേറ്റില്‍ നിര്‍മാണത്തിന് അധിക തുക വന്നതോടെ വീണ്ടും ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയാണ് ചിറക്കല്‍പടി-കാഞ്ഞിരപ്പുഴ റോഡ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ ആദ്യം 10 കോടി രൂപയാണ് പ്രവൃത്തികള്‍ക്കായി അനുവദിച്ചത്. തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റ് തയാറായതോടെ 32 കോടി രൂപ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായി വരുമെന്നതാണ് പുതിയ കണക്ക്. ഈ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
എന്നാല്‍ പ്രവൃത്തി ഏറ്റെടുത്ത ആര്‍.എസ് ഡവലപ്‌മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും എഗ്രിമെന്റ് നടപടികള്‍ക്ക് തയാറായില്ല. തുടര്‍ന്ന് മറ്റൊരു കമ്പനിയെ ബന്ധപ്പെട്ടെങ്കിലും അവരും പ്രവൃത്തി ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. ഈ അവസരത്തില്‍ പ്രവൃത്തികള്‍ വീണ്ടും ടെന്‍ഡര്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് അറിയിച്ചു.
രണ്ടര കോടി ചിലവില്‍ നിര്‍മിക്കുന്ന കാഞ്ഞിരം-പൂഞ്ചോല-ഓടക്കുന്ന് റോഡ് നിര്‍മാണ ഉല്‍ഘാടനം നവംബര്‍ ഏഴിന് നടക്കും. എസ്റ്റിമേറ്റ് റിവൈസ് ചെയ്തതിനെ തുടര്‍ന്നുണ്ടായ അമ്പാഴക്കോട്-മുതുകുര്‍ശി റോഡിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."