ദുരിതക്കടല്‍ നീന്തിക്കടന്ന് ചന്ദ്രിക നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഹോസ്പിറ്റല്‍ അകൗണ്ടന്റ് ജോലിക്കെന്നു പറഞ്ഞു കൊണ്ട് വന്ന് വീട്ടുജോലിക്കാരിയായി പീഡിപ്പിയ്ക്കപ്പെട്ട് മാനസികനില വരെ തെറ്റിയ യുവതി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. വനിതാ അഭയകേന്ദ്രത്തില്‍ (തര്‍ഹീല്‍) എത്തിയതോടെയാണ് ദുരിത കഥ പുറം ലോകമറിയുന്നത്. ഇതോടെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായെത്തിയതോടെയാണ് എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കിയത്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ രാധ ചന്ദ്രിക മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു ട്രാവല്‍ ഏജന്റിന്റെ ചതിയില്‍പെട്ട് ദുരിതങ്ങളിലേയ്ക്ക് എത്തിയത്. എം.കോം ഡിഗ്രിയുള്ള ചന്ദ്രിക നാട്ടില്‍ ടീച്ചറായും, തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ക്ലാര്‍ക്കായും ഒക്കെ ജോലി നോക്കി വരികയായിരുന്നു.
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ, അവര്‍ക്ക് രണ്ടു മക്കളും അമ്മൂമ്മയും മാത്രമാണ് ഉള്ളത്. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കാന്‍ ഗള്‍ഫില്‍ ജോലിയ്ക്കു ശ്രമിച്ചപ്പോള്‍, കംഫര്‍ട്ട് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്റെ ചിറയിന്‍കീഴുള്ള വില്യം ഡിക്രൂസ് എന്ന ഏജന്റ് അവരെ ബന്ധപ്പെട്ട്, സഊദിയിലെ റിയാദിലെ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ അകൗണ്ടന്റ് ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.
നല്ലൊരു തുക സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ വാങ്ങിയ ഏജന്റിന്റെ വാക്കുകളില്‍ വിശ്വസിച്ച് ചന്ദ്രിക ഏറെ പ്രതീക്ഷകളുമായി സഊദിയിലേക്ക് വിമാനം കയറുകയായിരുന്നു.
റിയാദിലെത്തിയ ചന്ദ്രികയെ സ്‌പോണ്‍സര്‍ ഒരു സ്വദേശി പൗരന്റെ വീട്ടില്‍ വീട്ടുജോലിക്ക് അയച്ചപ്പോഴാണ് തന്റെ വിസ ഹൌസ് മൈഡ് വിസയാണെന്ന സത്യം ചന്ദ്രിക തിരിച്ചറിഞ്ഞത്. അകൗണ്ടന്റ് ജോലിയും 1200 റിയാല്‍ ശമ്പളവും പറഞ്ഞ സ്ഥാനത്ത്, വീട്ടുജോലിയും വെറും 600 റിയാല്‍ ശമ്പളവുമാണ് ചന്ദ്രികയ്ക്ക് കിട്ടിയത്. നാട്ടിലെ ഏജന്റിനെ വിളിച്ചപ്പോള്‍ അയാള്‍ മൊബൈല്‍ ഓഫ് ചെയ്ത്, സ്ഥലത്തെ ബ്രാഞ്ച് ഓഫീസും പൂട്ടി സ്ഥലം വിട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. ചതിയില്‍പെട്ടെങ്കിലും, വീട്ടിലെ അവസ്ഥ ഓര്‍ത്ത് എങ്ങനെയും ജോലിയില്‍ പിടിച്ചു നില്‍ക്കാനായിരുന്നു ചന്ദ്രികയുടെ ശ്രമം.
എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം, സ്‌പോണ്‍സര്‍ ചന്ദ്രികയെ ദമാമിലുള്ള മറ്റൊരു സ്വദേശി പൗരന് കൈമാറ്റം ചെയ്തു. അയാള്‍ ഒരു വര്‍ഷത്തിന് ശേഷം മറ്റൊരു സ്വദേശിക്കും അവരെ കൈമാറി. ഇങ്ങനെ വീടുകള്‍ മാറി തൊഴിലെടുക്കാനായിരുന്നു ചന്ദ്രികയുടെ വിധി. അവസാന വീട്ടിലെ വിശ്രമമില്ലാത്ത ജോലിയും, ശമ്പളം കിട്ടാത്തത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും, മാനസികപീഡനങ്ങളും മൂലം, ക്രമേണ ചന്ദ്രികയുടെ മാനസികനില തകരാറിലായി. മാനസികവിഭ്രാന്തി കാട്ടിയ അവരെ സ്‌പോണ്‍സര്‍ വനിതാ തര്‍ഹീലില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
തര്‍ഹീല്‍ അധികാരികള്‍ വിവരമറിയിച്ചതനുസരിച്ച് ജീവകാരുണ്യ പ്രവര്‍ത്തകര്‍ എംബസിയുമായി ബന്ധപ്പെടുകയും യഥാര്‍ഥ സ്‌പോണ്‍സറുമായി ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം നാട്ടിലേക്ക് കയറ്റിവിടാന്‍ അവര്‍ തയ്യാറാകുകയുമായിരുന്നു. തുടര്‍ന്ന് ദമാമിലെ ഒരു സംഘടന വിമാന ടിക്കറ്റും നല്‍കിയതോടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി തുറക്കുകയായിരുന്നു. അവസാനം തന്റെ മോചനത്തിനു വഴി തെളിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചാണ് അവര്‍ വിമാനം കയറിയത്. നവയുഗം ഭാരവാഹിയും ഇന്ത്യന്‍ എംബസി വളണ്ടിയറുമായ അഞ്ജു മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോചനത്തിനായി പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."